Idukki local

യു.ഡി.എഫ്. യോഗം തീരുമാനമാവാതെ പിരിഞ്ഞു

തൊടുപുഴ:  ഇടുക്കിയില്‍ യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ തൊടുപുഴ രാജീവ് ഭവനിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. എന്നാല്‍ ഓരോരുത്തരോടും ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിക്കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വേണമെന്ന നിലപാടില്‍ മുസ്‌ലീം ലീഗും സോഷ്യലിസ്റ്റ് ജനതയും ഉറച്ചുനിന്നു. ഇരുവരും ചോദിച്ചത് അടിമാലി ഡിവിഷനാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലിരിക്കുന്ന ഈ ഡിവിഷന്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് അവരുടെ നിലപാട്. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തതേയില്ല. കേരളാ കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ക്കായി ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്. കഴിഞ്ഞ വട്ടം മൂന്ന്്്് ഗ്രാമപ്പഞ്ചായത്ത് സീറ്റുകളില്‍ മത്സരിച്ച ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് സി എം പി ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്ന് മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.യു.ഡി.എഫ്. ചെയര്‍മാന്‍ അഡ്വ എസ് അശോകന്‍, കണ്‍വീനര്‍ അലക്‌സ് കോഴിമല, ഡി സി പ്രസിഡന്റ് റോയി കെ പൗലോസ്, മുന്‍ എം പി പി ടി തോമസ്, പി പി സുലൈമാന്‍ റാവുത്തര്‍, ഘടകകക്ഷി നേതാക്കളായ റോഷി അഗസ്റ്റിന്‍ എം എല്‍ എ,  ടി എം സലീം, കെ എം എ ഷുക്കൂര്‍, എം എസ് മുഹമ്മദ്, കെ സുരേഷ് ബാബു, എം ജെ ജേക്കബ്, കെ ഗോപിനാഥന്‍ നായര്‍  പങ്കെടുത്തു.  നഗരസഭയില്‍ യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ഒരു ജനറല്‍ സീറ്റ് കൂടി വേണമെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസ് 21 വാര്‍ഡിലും മുസ്‌ലിം ലീഗ് എട്ടു വാര്‍ഡിലും കേരള കോണ്‍ഗ്രസ് ആറു വാര്‍ഡിലുമാണു മല്‍സരിക്കാന്‍ ധാരണ. എന്നാല്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന വാര്‍ഡുകളില്‍ ഒരു സീറ്റ് മാത്രമേ നിലവില്‍ ജനറല്‍ ആയിട്ടുള്ളൂ. അതിനാല്‍ ഏതെങ്കിലും വനിതാ സീറ്റ് വച്ചുമാറി ഒരു ജനറല്‍ സീറ്റ് ലഭിക്കണമെന്നാണ് ഇവര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
Next Story

RELATED STORIES

Share it