യുവ ഇന്ത്യന്‍ ടീം വളരുന്നത് മലയാളി ഫിസിയോയുടെ മികവില്‍

ടി പി ജലാല്‍

മഞ്ചേരി: ഭാവിയിലേക്കുള്ള യുവ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വളരുന്നത് മലയാളി ഫിസിയോയുടെ മികവില്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമാണ് കൊല്ലം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ കരങ്ങളാല്‍ ശാരീരികമികവ് നേടുന്നത്. അഞ്ചു വര്‍ഷം ദേശീയ സീനിയര്‍ ടീമിനെ കായികക്ഷമത പരിശീലിപ്പിച്ചിട്ടുള്ള വിഷ്ണുവിന് വിവാ കേരള ഫുട്‌ബോള്‍ ടീമിലാണ് ആദ്യമായി അവസരം ലഭിക്കുന്നത്. തന്റെ പെര്‍ഫോമന്‍സ് വിഷ്ണുവിനെ പിന്നീട് പൈലന്‍ ആരോസ് ക്യാംപിലെത്തിച്ചു.
ദേശീയ യൂത്ത് ഡെവലപ്‌മെന്റ് ടീമിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന കോം ജോ സഫ് ടോള്‍ വിഷ്ണുവിന് നല്‍കിയ അവസരമാണ് നല്ല കാലം തെളിയുന്നതിലേക്കെത്തിച്ചത്. സാവിയോ മെദീരയുടെ കീഴിലുള്ള 2011 സാഫ് ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനും 2013ലെ വിം കോവര്‍മാര്‍സിന്റെ ടീമിനും ഡെസ്മണ്ട് ബുള്‍പിനിന്റെ അണ്ടര്‍ 23 ദേശീയ ടീമിനും കായികക്ഷമതയുടെ ബാലപാഠങ്ങള്‍ നല്‍കാന്‍ ഈ യുവാവിന് അവസരം ലഭിച്ചു. 2014ലെ ഏഷ്യന്‍ ഗെയിംസ് തയ്യാറെടുപ്പു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം കായിക ബലം നേടിയതും ഈ 29കാരന്റെ തന്ത്രത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം മലേസ്യയിലും ജപ്പാനിലും നടന്ന ഏഷ്യ ന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അണ്ടര്‍ 18 ടീം സെമിയിലെത്തിയപ്പോഴും വിഷ്ണുവി നായിരുന്നു ഫിസിയോയുടെ ചുമതല.
അവസാനമായി ഈ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 18 ഐ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായപ്പോഴും വിഷണു ഒപ്പമുണ്ടായിരുന്നു. ന്യൂട്രീഷ്യന്‍, ഹൈഡ്രേഷന്‍, വാം അപ്പ്, കൂള്‍ഡൗണ്‍ എന്നിവയെക്കുറിച്ച് ക്ലാസെടുക്കുന്നതും വിഷ്ണുവാണ്. മണിപ്പൂര്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനത്തുള്ളവരാണ് ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ശാരീരിക ശേഷിയുള്ളവരെന്നാണ് വിഷ്ണു പറയുന്നത്. കേരള താരങ്ങള്‍ കൊല്‍ക്കത്തയ്ക്കും ഗോവയ്ക്കും പിറകിലാണെ ന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഹൈദരാബാദും ഡല്‍ഹിയുമാണ് കായികപരമായി കുറഞ്ഞ ശേഷിയുള്ളവരെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം.
കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നാണ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ ബിരുദമെടുത്തത്. ഗോവയില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന് ശാരീരിക മികവ് നേടിക്കൊടുക്കാന്‍ പ്രയത്‌നിക്കുകയാണിപ്പോള്‍ എഐഎഫ്എഫിന്റെ സീനിയര്‍ ഫിസിയോ കൂടിയായ വിഷ്ണു. കൊല്ലം പള്ളിമണ്‍ സ്വദേശി ശ്രീരംഗം വീട്ടില്‍ കൃഷ്ണന്‍ നായരുടേയും എസ് നിര്‍മലയുടേയും മകനാണ്.
Next Story

RELATED STORIES

Share it