Sports

യുവേഫ ചാംപ്യന്‍സ് ലീഗ്:  ഇത്തിഹാദില്‍ ഇന്ന് തീപാറും

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ഒന്നാംപാദ സെമി ഫൈനലില്‍ 10 തവണ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് കന്നി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരിടും. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഈ കിടിലന്‍ പോരാട്ടം.
സെമി ഫൈനലിലെ രണ്ടാംപാദം അടുത്ത മാസം നാലിന് റയലിന്റെ തട്ടകത്തില്‍ അരങ്ങേറും. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഒന്നാംപാദത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ശക്തരായ അത്‌ലറ്റികോ മാഡ്രിഡുമായി കൊമ്പുകോര്‍ക്കും. അത്‌ലറ്റികോയുടെ തട്ടകത്തിലാണ് ഒന്നാംപാദം അരങ്ങേറുന്നത്. അടുത്ത മാസം മൂന്നിന് ബയേണിന്റെ തട്ടകത്തിലാണ് രണ്ടാംപാദം.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തിയതിന്റെ ആവേശത്തിലാണ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ സിറ്റി സ്വന്തം തട്ടകത്തിലേക്ക് റയലിനെ വരവേല്‍ക്കുന്നത്. ഈ സീസണില്‍ സിറ്റിക്ക് കിരീട പ്രതീക്ഷയുള്ള ഏക ടൂര്‍ണമെന്റ് കൂടിയാണിത്. റയലിനോട് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഒന്നില്‍ പോലും സിറ്റിക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടെണ്ണത്തില്‍ റയല്‍ ജയിച്ചു കയറിയപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ചാംപ്യന്‍സ് ലീഗില്‍ ഇരു ടീമും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോഴും റയല്‍ വെന്നിക്കൊടി നാട്ടിയിരുന്നു. കണക്കിന്റെ കളിയില്‍ പിന്നിലാണെങ്കിലും തന്റെ മുന്‍ ടീം കൂടിയായ റയലിനെ പിടിച്ചുക്കെട്ടാനാവുമെന്ന പ്രതീക്ഷയിലാണ് സിറ്റി പരിശീലകന്‍ മാന്വല്‍ പെല്ലെഗ്രീനി.
അതേസമയം, പരിക്കേറ്റ റയലിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് റയോ വല്ലെക്കാനോയ്‌ക്കെതിരായ മല്‍സരത്തില്‍ ക്രിസ്റ്റിയാനോ കളിച്ചിരുന്നില്ല. എങ്കിലും നിര്‍ണായക സമയത്ത് ടീമിന് മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍.
Next Story

RELATED STORIES

Share it