kozhikode local

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റക്കാരന്‍; വിധി ഇന്ന്

കോഴിക്കോട്: നഗരത്തിലെ പണിക്കര്‍ റോഡിലെ താമസക്കാരനും തിരവനന്തപുരം സ്വദേശിയുമായിരുന്ന നാലുകുടി പറമ്പില്‍ ജലീല്‍ (27) കൊല്ലപ്പെട്ട കേസിലെ പ്രതി കുറ്റക്കാരനാണെന്ന് മാറാട് സ്‌പെഷ്യല്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി വീട്ടില്‍ ദേവദാസ് (52) കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജഡ്ജി എസ് കൃഷ്ണകുമാര്‍ കേസില്‍ ഇന്ന് ശിക്ഷ വിധിക്കും. മറ്റൊരു കേസില്‍ ജിവപര്യന്തം ശിക്ഷ കഴിഞ്ഞയാളാണ് പ്രതി. 2008 ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട ജലീലിനേയും ഭാര്യയേയും ബാറില്‍ കൂട്ടിക്കൊണ്ടുപോയി മദ്യം കഴിപ്പിച്ച പ്രതി, മടക്കത്തില്‍ ജലീലിന്റെ ഭാര്യയോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ ഇരുവരെയും മര്‍ദ്ദിച്ചു.
ജലീലും ഭാര്യയും തിരിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്ന വഴി സ്റ്റേഷന് മുന്‍പിലുള്ള റോഡില്‍വച്ച് ദേവദാസ് ബ്ലേഡുകൊണ്ട് ജലീലിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. കയ്യില്‍ കുട്ടി ഉണ്ടായിരുന്നതിനാല്‍ ഭാര്യക്ക് ഇയാളെ തടയാനായില്ല. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പോലിസിന് കൈമാറിയത്. ജലീലിന്റെ ഭാര്യയുടെ മൊഴിയും പ്രതിയെ ചികില്‍സിച്ച ഡോക്ടര്‍, ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ പരിസരവാസിയായ ബാബുവിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. പ്രോസിക്യൂഷന്‍ 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 7 തൊണ്ടികളും ഹാജരാക്കി. ടൗണ്‍ സിഐ എ ജെ ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി സുഗതന്‍, അഡ്വ.അനൂപ് എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it