യുവാവിന്റെ തിരോധാനം; ബ്രിഗേഡിയര്‍ക്കെതിരേ കൊലക്കേസ്

ശ്രീനഗര്‍: 14 വര്‍ഷം മുമ്പ് ശ്രീനഗറിലെ റാവല്‍പുരയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായ കേസില്‍ സൈനിക ഉദ്യോഗസ്ഥനെതിരേ ജമ്മുകശ്മീര്‍ പോലിസ് പ്രത്യേകാന്വേഷണസംഘം കേസെടുത്തു. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കരസേനയിലെ 35 രാഷ്ട്രീയ റൈഫിള്‍സിലെ ബ്രിഗേഡിയര്‍ മേജര്‍ കിശോര്‍ മല്‍ഹോത്രയ്‌ക്കെതിരേ കേസെടുത്തത്. അന്വേഷണം പൂര്‍ത്തിയായെന്നും ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും പ്രത്യേകാന്വേഷണസംഘം ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
2002 ജനുവരി 18ന് രാത്രിയാണ് മന്‍സൂര്‍ അഹമദ് ദറി(35)നെ റാവല്‍പുരയിലെ വീട്ടില്‍നിന്ന് അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭം നടത്തിയപ്പോഴാണ് പോലിസ് കരസേനയുടെ 35 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തിനെതിരേ കേസെടുത്തത്. അന്വേഷണത്തില്‍ മേജര്‍ കിശോര്‍ മല്‍ഹോത്രയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി. കേസന്വേഷിക്കുന്ന സംഘത്തോട് സഹകരിക്കാന്‍ ഈ വര്‍ഷം ആഗസ്തില്‍ സുപ്രിംകോടതി ബ്രിഗേഡിയറോട് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യരുതെന്നും അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മല്‍ഹോത്ര അന്വേഷണസംഘത്തിനു മുമ്പില്‍ ഒക്ടോബര്‍ ആറു മുതല്‍ ഒമ്പതു വരെ തുടര്‍ച്ചയായി ചോദ്യംചെയ്യലിന് ഹാജരായി.
എന്നാല്‍, ചോദ്യംചെയ്യലില്‍ അദ്ദേഹം കുറ്റം നിഷേധിച്ചു. ദറിനെ കണ്ടെത്താനുള്ള ഒരു സൂചനയും അദ്ദേഹം അന്വേഷണസംഘത്തിനു നല്‍കിയില്ല. ബ്രിഗേഡിയര്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്—തെന്നതിന് വ്യക്തമായ സൂചനയുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സൈനികര്‍ തന്റെ ഭര്‍ത്താവിനെ വീട്ടില്‍നിന്ന് കൊണ്ടുപോയതായി ദറിന്റെ ഭാര്യ ജാന കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it