യുവാവിന്റെ കൊല: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ ശ്രമം; കാമുകി പിടിയില്‍

തൃശൂര്‍: അയ്യന്തോളിലെ ഫഌറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍. തൈക്കാട് വല്ലശ്ശേരി പ്രേമന്‍ മകള്‍ ശാശ്വതി(30) യാണ് അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. റഷീദിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.
മാര്‍ച്ച് 3നാണ് അയ്യന്തോളിലെ ശാശ്വതിയുടെ ഫഌറ്റില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റ ഷൊര്‍ണൂര്‍ ലത നിവാസില്‍ സതീശന്‍ (32) മരിച്ചത്. സതീശനും റഷീദും സുഹൃത്തായ കൃഷ്ണപ്രസാദും ശാശ്വതിയും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടുദിവസം വിനോദയാത്ര പോയിരുന്നതായും അതിനുശേഷം നാലുപേരും ശാശ്വതിയുടെ ഫഌറ്റില്‍ തിരിച്ചെത്തിയതായും വ്യക്തമായിട്ടുണ്ട്. മൂന്ന് യുവാക്കള്‍ക്കും ശാശ്വതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് റഷീദും സതീശനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ റഷീദ് സതീശനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം റഷീദും ശാശ്വതിയും പുറത്തുപോയി. ഈ സമയം സതീശന്‍ മൊബൈല്‍ ഫോണില്‍ തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇക്കാര്യമറിഞ്ഞ റഷീദും ശാശ്വതിയും തിരിച്ചെത്തി സതീശനെ വീണ്ടും ക്രൂരമായി തല്ലിച്ചതച്ചു. ഇതിന് കൃഷ്ണപ്രസാദും കൂട്ടുനിന്നു. മൃതപ്രായനായ സതീശനെ കൃഷ്ണപ്രസാദാണ് പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സതീശന്‍ മരിച്ചിരുന്നു.
മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് റഷീദ് കൃഷ്ണപ്രസാദിനോട് ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും ജോലി വാങ്ങി നല്‍കാമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍ പോലിസ് പിടിയിലായ കൃഷ്ണപ്രസാദ് സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ റഷീദും ശാശ്വതിയും മുങ്ങി. ശാശ്വതി പോലിസ് പിടിയിലായെങ്കിലും റഷീദ് ഇപ്പോഴും ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ പോലിസിന്റെ മൂക്കിന് താഴെ തന്നെ റഷീദ് കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ കഴിയുന്നതായാണ് വിവരം.
ജില്ലയിലെ ഒരു എംഎല്‍എയും കെപിസിസി മുന്‍ സെക്രട്ടറിയും റഷീദിനെ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിനാല്‍ പോലിസ് റഷീദിനെ തൊടാന്‍ മടിക്കുകയാണ്. പിടിയിലായ ശാശ്വതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it