യുവാവിനെ വെടിവച്ചുകൊന്ന സംഭവം; ആറുപേര്‍ പിടിയില്‍

മറയൂര്‍: മറയൂരിനു സമീപം യുവാവിനെ വെടിവച്ചു കൊന്നശേഷം മൃതദേഹം കടത്തിക്കൊണ്ടുപോയ കേസില്‍ ആറുപേരെ പോലിസ് പിടികൂടി. തീര്‍ത്ഥമല ആദിവാസികോളനിയിലെ ശ്രീനിവാസന്‍(29), അന്നസ്വാമി(39), വിജയകുമാര്‍(25), പരശുരാമന്‍(23), കാശി പാണ്ടി (26), വെള്ളസ്വാമി(30) എന്നിവരെയാണ് പോലിസ് പിടികൂടിയത്.

ആദിവാസിക്കുടിയിലെ കൃഷ്ണസ്വാമിയുടെ മകന്‍ ബോസാ(34)ണ് വെടിയേറ്റു മരിച്ചത്. പ്രതികളുമായി തീര്‍ത്ഥമല കോളനിയിലെത്തി പോലിസ് തെളിവെടുത്തു. കോളനിക്കു സമീപം തീര്‍ത്ഥമല ആറിനോടു ചേര്‍ന്ന കൃഷിയിടത്തില്‍ തെരുവപ്പുല്ലിനടിയില്‍ ഒളിപ്പിച്ച നാടന്‍ തോക്കും ബോസിനെ അടിച്ചുവീഴ്ത്താനുപയോഗിച്ച കാപ്പിവടിയും പോലിസ് കണ്ടെത്തി. വെടിയേറ്റു മരിച്ച ബോസും പ്രതികളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന് പോലിസ് പറഞ്ഞു.

പണം ആവശ്യപ്പെട്ട് ബോസ്, പുത്രന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീനിവാസന്‍, അന്നസ്വാമി, വിജയകുമാര്‍ എന്നിവരെയും ഇവരുടെ പിതാവ് തങ്കസ്വാമിയെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച കോളനിയിലെത്തിയ ബോസിനെ ശ്രീനിവാസന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. താഴെവീണ ബോസിനെ തോക്കിന്റെ പാത്തി ഉപയോഗിച്ച് തലയ്ക്കടിച്ചു.

അന്നസ്വാമി കാപ്പിവടികൊണ്ട് ബോസിന്റെ കൈ തല്ലിയൊടിച്ചു. വിജയകുമാറും വെള്ളസ്വാമിയും ചേര്‍ന്ന് കൈകാലുകളും കഴുത്തും ചേര്‍ത്ത് കൂട്ടിക്കെട്ടി വലിച്ചിഴച്ചും ചുമന്നും കൊണ്ടുപോയി പൊന്തക്കാട്ടില്‍ തള്ളുകയായിരുന്നെന്നും പോലിസ് പറഞ്ഞു. ഗൂഢാലോചന, ആയുധം കൈവശം വച്ച് ഉപയോഗിക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ സി.ഐ. എ ആര്‍ ഷാനിഹാന്‍, മറയൂര്‍ എസ്.ഐ. ജി എസ് ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it