യുവാവിനെ തല്ലിക്കൊന്ന കേസ്; നാലു പേര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികളായ വക്കം ഉടക്കുവിളാകത്തു വീട്ടില്‍ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്തുക്കളായ അണയില്‍ ഈച്ചംവിളാകത്ത് കിരണ്‍, വക്കം സ്വദേശി വിനായക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരേ നേരത്തെ നിലവിലുള്ളതെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫീന്‍ അഹ്മദ് പറഞ്ഞു. സംഭവം നടക്കുന്ന സമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പിടിയിലായ വിനായക് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് നാലരയോടെ വക്കം തൊപ്പിക്കവിളാകം റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഷബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നു വിളിക്കുന്ന ബാലുവിനും പരിക്കേറ്റിരുന്നു. എന്നാല്‍, ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും തിങ്കളാഴ്ച ഉച്ചയോടെ ചികില്‍സ കഴിഞ്ഞ് മടങ്ങിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷബീറിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മൃതദേഹം നാലുമണിയോടെ വക്കം കിഴക്കേ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സംഭവത്തെ തുടര്‍ന്ന് വക്കം പഞ്ചായത്തില്‍ ഇന്നലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു.
സംഘര്‍ഷ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് ഡിവൈഎസ്പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
ഒരുവര്‍ഷം മുമ്പ് ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിലേക്ക് നയിച്ചത്. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ എസ്പി ഷെഫിന്‍ അഹ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it