kozhikode local

യുവാക്കളെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: അര്‍ധ രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാക്കൂര്‍ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും ലോക്കപ്പിലടയ്ക്കുകയും ചെയ്‌തെന്ന് പരാതി. മീഞ്ചന്ത ചിറക്കല്‍ പറമ്പ് ആശയില്‍ അബൂസുബൈര്‍ (17), സുഹൃത്ത് ബേപ്പൂര്‍ സ്വദേശി ഷഫീഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. ഗുരുതരമായി പരിക്കേറ്റ അബൂസുബൈറിന് മൂത്രത്തിലൂടെ രക്തം വരുന്നതിനാല്‍ സ്‌കാനിങിന് വിധേയനാക്കിയതായി പിതാവ് ആരിഫ് പറഞ്ഞു.
ബാലുശ്ശേരിയിലെ മാതാവിന്റെ വീട്ടില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച 12മണിയോടെയായിരുന്നു സംഭവം. റോഡിലും സ്‌റ്റേഷനിലും വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇരുവരെയും ഞായറാഴ്ച രാവിലെ 11.30 വരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടയ്ക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എസ്‌ഐയും മറ്റ് രണ്ട് പോലിസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ശരീരമാസകലം മര്‍ദ്ദിച്ച പോലിസ് ഊരയ്ക്ക് ബൂട്ട് കൊണ്ട് ചവിട്ടിയതിനാല്‍ അബൂസുബൈറിന്റെ ഡിസ്‌കിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചറിയിക്കാനോ വീട്ടില്‍ നിന്ന് വന്ന ഫോണ്‍ എടുക്കാനോ പോലിസ് ഇവരെ അനുവദിച്ചില്ല. പിന്നീട് 11.45ഓടെ പോലിസ് അറിയിച്ചതിനെ തുടര്‍ന്നെത്തിയ അമ്മാവന്‍മാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നമ്പര്‍ പ്ലേറ്റ് മറച്ചാണ് ഇവര്‍ ബൈക്ക് ഓടിച്ചതെന്നും കള്ളന്മാരാണെന്ന് കരുതിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും കാക്കൂര്‍ എസ്‌ഐ ഷിജിത്ത് പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ ബൈക്ക് നിര്‍ത്തിയ ഉടന്‍ മോഷ്ടിച്ചുകൊണ്ടുവരികയാണോ കുഴല്‍പ്പണക്കാരാണോ എന്ന് ചോദിച്ച് പോലിസ് മര്‍ദ്ദിക്കുകയായിരുന്നെന്നും ബൈക്ക് തങ്ങളുടേതാണെന്നതിന് തെളിവുകള്‍ നല്‍കിയിട്ടും പോലിസ് മര്‍ദ്ദനം തുടരുകയായിരുന്നെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ഇവരുടെ ബൈക്ക് പോലിസ് ഇതുവരെ വിട്ടുകൊടുത്തുട്ടില്ല. ഇത് സംബന്ധിച്ച റൂറല്‍ എസ്പിക്ക് ആരിഫ് പരാതി നല്‍കി.
മൂഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ആരിഫ്.
Next Story

RELATED STORIES

Share it