Alappuzha local

യുവാക്കളുടെ മരണം വേദനയായി

ചേര്‍ത്തല: മതില്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിക്കിനിടയായ സംഭവം നാട്ടുകാര്‍ക്ക് വേദനയായി. ചേര്‍ത്തല നഗരസഭ 16-ാം വാര്‍ഡ് കൊച്ചുചിറയില്‍ ഷിബു (35), അര്‍ത്തുങ്കല്‍ അറവുകാട് മാവും ചുവട്ടില്‍ അശോകന്‍-ജഗദമ്മ ദമ്പതികളുടെ മകന്‍ അജയകുമാര്‍ (സാജന്‍-28) എന്നിവരാണ് മരിച്ചത്. വാരനാട് മറ്റത്തില്‍ മനോഹരന്‍ (45) പരിക്കുകളോടെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് എച്ച്എസ്എസിനു മുന്നില്‍ ടൗണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഓഡിറ്റോറിയത്തിന്റെ നിര്‍മാണ ജോലികള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. മതിലിനു സമാന്തരമായി കുഴിയെടുത്ത് മഴവെള്ളവും മലിനജലവും ഒഴുക്കികളയാന്‍ വലിപ്പം കൂടുതലുള്ള കുഴല്‍ സ്ഥാപിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. നിര്‍മാണംപൂര്‍ത്തിയായ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇടുങ്ങിയ വഴി രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി.
അപകടംനടന്ന് അരമണിക്കൂറിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മതിലുകള്‍ പൊളിച്ചുമാറ്റിയാണ് മറ്റ് തൊഴിലാളികളെ പുറത്തെടുത്തത്. ഇതിനു മുമ്പ് നാട്ടുകാരും അഗ്‌നിശമനസേനയും,പോലീസും വടം ഉപയോഗിച്ച് മതിലിന്റെഭാഗം നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അപകടവിവരമറിഞ്ഞ് വന്‍ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
Next Story

RELATED STORIES

Share it