യുവരാജിനെ പ്രശംസിച്ച് ധോണി

ധക്ക: ഏഷ്യാ കപ്പില്‍ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജ് സിങിനു ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ അഭിനന്ദനം. 49 റണ്‍സോടെ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോററായതെങ്കിലും പുറത്താവാതെ 14 റണ്‍സെടുത്ത യുവി മികച്ച പിന്തുണയേകിയിരുന്നു. 32 പന്തുകള്‍ നേരിട്ട യുവി രണ്ടു ബൗണ്ടറികളാണ് നേടിയത്.
കൂടുതല്‍ റണ്‍സ് നേടാനായില്ലെങ്കിലും എത്ര പന്തുകള്‍ യുവി നേരിട്ടുവെന്നത് പ്രധാനമാണെന്ന് ധോണി ചൂണ്ടിക്കാട്ടി. ''യുവി ക്രീസിലെത്തുമ്പോള്‍ ഇന്ത്യ എട്ടു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടാവുക. ഈ സമ്മര്‍ദ്ദത്തെയൊക്കെ അതിജീവിച്ചാണ് യുവി പിടിച്ചുനിന്നത്. ചില പന്തുകളെ നേരിടുന്നതില്‍ പിഴച്ചെങ്കിലും ഷോട്ടുകള്‍ കളിക്കാന്‍ താരം ശ്രമിച്ചു. മനസ്സിന്റെ കരുത്താണ് ഇതു തെളിയിക്കുന്നത്. ഇനിയും ഇത്തരം സാഹചര്യങ്ങളി ല്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ യുവരാജിനാവും''-ധോണി വിശദമാക്കി.
''84 പോലൊരു ചെറിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആക്രമിക്കണമോ പതിയ ജയത്തിലേക്ക് മുന്നേറണമോയെന്ന ആശയക്കുഴപ്പമുണ്ടാവും. പാകിസ്താനെ കുറഞ്ഞ റണ്‍സിനു പുറത്താക്കാന്‍ കഴിഞ്ഞപ്പോള്‍ ജയം ഉറപ്പിച്ചിരുന്നു. ആദ്യ 4-5 ഓവറുകള്‍ ടീമിന് നിര്‍ണായകമായിരുന്നു. ഇത്തരം പിച്ചുകളില്‍ 135-140 റണ്‍സ് പിന്തുടരുക വിഷമകരമാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it