Kollam Local

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ചവറ: യുവതി വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തേവലക്കര പുത്തന്‍സങ്കേതത്തില്‍ ബിജു ഭവനത്തില്‍ ബിജുകുമാറി(34)നെയാണ് കരുനാഗപ്പള്ളി എസിപി എസ് സുരേഷ് കുമാറിന്റെ നേതൃത്യത്തിലുള്ള പോലിസ് സംഘം ചവറ പുത്തന്‍സങ്കേതം കൃഷിഭവനു സമീപം വച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25നാണ് ബിജു കുമാറിന്റെ ഭാര്യ ശ്രീകല(31)യെ ഭര്‍ത്യ ഗൃഹത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകലയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്: ശ്രീ കലയോട് നിരന്തരമായി ഭര്‍ത്താവായ ബിജുകുമാര്‍ പണം ആവശ്യപ്പെടുകയും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീ കലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. സംഭവ ദിവസം ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പിറ്റേ ദിവസം രാവിലെ ശ്രീകലയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് ബിജുവിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. ബിജുവിന്റെ അമ്മക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ശ്രീകലയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണെന്നും ഇതിന്റെ ഫലം വന്നാല്‍ മാത്രമേ ശ്രീകലയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമാക്കുകയുള്ളൂവെന്നും എസിപി പറഞ്ഞു. എസ്‌ഐ മോഹനന്‍,എഎസ്‌ഐ ബാലചന്ദ്രന്‍ ,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it