യുവതിക്കും മകനുമെതിരേ ആസിഡ് ആക്രമണം; 45കാരന്‍ പോലിസ് പിടിയില്‍

തളിപ്പറമ്പ്: ക്രിസ്മസ് തലേന്ന് രാത്രി യുവതിക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ 45കാരന്‍ അറസ്റ്റില്‍. പിലാത്തറ സി എം നഗറില്‍ താമസിക്കുന്ന ചെറുപുഴ പുളിങ്ങോം സ്വദേശി ആദംപൊയില്‍ വീട്ടില്‍ ജെയിംസ് ആന്റണിയെയാണ് പരിയാരം എസ്‌ഐ ടി വി ബിജുപ്രകാശും സംഘവും പിടികൂടിയത്.
പരിയാരം ഏമ്പേറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിക്കു സമീപം മഠത്തില്‍ റോബര്‍ട്ടിന്റെ മകള്‍ റിംസി (29), ഭിന്നശേഷിയുള്ള മകന്‍ അഭിഷേക് (8) എന്നിവര്‍ക്കു നേരെയാണ് അക്രമം നടന്നത്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ തിരുപ്പിറവി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകവെയാണ് സംഭവം. ക്രിസ്മസ് പാപ്പയുടെ വേഷവും മുഖംമൂടിയും ധരിച്ചയാള്‍ റിംസിയുടെ മുഖത്തേക്ക് ആസിഡൊഴിച്ച് ഇരുട്ടില്‍ ഓടിമറയുകയായിരുന്നു. മുഖത്തും തലയ്ക്കും ഗുരുതരമായി പൊള്ളലേറ്റ യുവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും മകന്‍ അഭിഷേക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്.
തളിപ്പറമ്പില്‍നിന്ന് ഓട്ടോറിക്ഷയിലാണ് പ്രതി ഏമ്പേറ്റിലെത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയിരുന്നു. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ കാഞ്ഞിരങ്ങാട് സ്വദേശിയുടെ മൊഴിയില്‍നിന്ന് പ്രതിയുടെ രൂപസാദൃശ്യവും മനസ്സിലാക്കി. കൂടാതെ, സൈബര്‍ സെല്ലിന്റെ സഹായവും തേടി. തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിലാത്തറ ടൗണിലെ ടാക്‌സി ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമാണ് ജെയിംസ് ആന്റണി. രണ്ടുമക്കളുടെ പിതാവായ ഇയാള്‍ ഭാര്യയുമായി അകന്ന് താമസിക്കുകയാണ്.
പ്രതിയും യുവതിയും തമ്മില്‍ എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി സൂചനയുണ്ട്. അടുത്തിടെ യുവതി ഇയാളില്‍നിന്ന് അകലുകയും മണ്ടൂരിലെ വിദേശത്ത് ജോലിയുള്ള യുവാവുമായി വിവാഹബന്ധത്തിനു ശ്രമിച്ചതുമാണ് അക്രമത്തിനു കാരണമെന്നാണ് പോലിസിന്റെ നിഗമനം. ബ്ലേഡ് പണമിടപാട് സംബന്ധിച്ച് ജെയിംസ് ആന്റണിക്കെതിരേ പരിയാരം സ്റ്റേഷനില്‍ കേസുണ്ട്.
Next Story

RELATED STORIES

Share it