യുവതലമുറ അനീതിക്കെതിരായ പോരാട്ടത്തിന്റെ പാതയില്‍: കാനം

കൊച്ചി: അനിതീക്കെതിരായ പോരാട്ടത്തിന്റെ പാതയിലാണ് യുവതലമുറയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നരേന്ദ്രമോദി പുതുതലമുറയ്ക്ക് ഏറെ ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ യുവതലമുറ ആവേശം കാണിച്ചതെന്നുമായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, അധികാരത്തിലേറി 19 മാസം പിന്നിടുമ്പോള്‍ മോദിയില്‍നിന്ന് യുവതലമുറ തിരിഞ്ഞുനടക്കുകയാണ്. സര്‍വകലാശാലകളിലും കാംപസുകളിലും കാണുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഫാഷിസത്തിനെതിരേ എഐഎസ്എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്നതരത്തിലാണ് ആര്‍എസ്എസും അതിന്റെ നാഗ്പൂരിലെ ഓഫിസും പ്രവര്‍ത്തിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാലകളിലും സമാനമായ സംഭവങ്ങളാണു നടക്കുന്നത്. സാമൂഹികനീതിക്കെതിരായാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അതിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ ഇനിയും ഉണ്ടാവണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ ജനാധിപത്യ-വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കില്ലെന്ന് എഐഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് സയ്യദ് വലിയുള്ള ഖദ്രി പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് രാജ്യത്തെ വിദ്യാര്‍ഥിവിരുദ്ധ, ജനാധിപത്യവിരുദ്ധ, ഫാഷിസ്റ്റ്-വര്‍ഗീയ നയങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് യുവസമൂഹം ആഗ്രഹിക്കുന്നത്. രോഹിത് വെമുലയും കനയ്യകുമാറും ഇക്കാര്യം തന്നെയാണു പറഞ്ഞത്. ജെഎന്‍യു, ഹൈദരാബാദ്, ജാമിഅ മിലിയ്യ, ഉസ്മാനിയ എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതും അതുതന്നെയാണെന്ന് ഖദ്രി പറഞ്ഞു.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, ദേശീയ സെക്രട്ടറി കെ പി സന്ദീപ്, പ്രഫ. കെ അരവിന്ദാക്ഷന്‍, സംവിധായകന്‍ വിനയന്‍, എന്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it