wayanad local

യുവജന കമ്മീഷന്‍ അദാലത്ത്: 50 പരാതികള്‍ പരിഹരിച്ചു

കല്‍പ്പറ്റ: യുവജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തി യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന യുവജന കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ് നേതൃത്വം നല്‍കി. അദാലത്തില്‍ കമ്മീഷന് ലഭിച്ച 50 പരാതികള്‍ തീര്‍പ്പാക്കി.
ജില്ലയിലെ അധ്യാപക ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ച് ഷിനി മാത്യു, ധനൂപ എന്നിവര്‍ സമര്‍പ്പിച്ച പരാതിക്ക് കമ്മീഷന്‍ നിര്‍ദേശ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയില്‍ 2014-15 വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ 1:45 അനുപാത പ്രകാരം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുകയും തസ്തിക നിര്‍ണയം സംബന്ധിച്ച് അധ്യാപകരെ 1:45 അനുപാതത്തില്‍ പുനര്‍വിന്യസിക്കുകയും ചെയ്ത ശേഷം ഉണ്ടാവുന്ന ഒഴിവുകള്‍ മാത്രമേ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ സാധിക്കൂ എന്ന് അറിയിച്ചു.
നിലവില്‍ 25 യുപിഎസ്എമാരെ 1:35 അനുപാതത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും യുപിഎസ്എ തസ്തികയിലേക്ക് പിഎസ്‌സി അഡൈ്വസ് ചെയ്ത നാലു പേര്‍ക്ക് നിലവില്‍ ഒഴിവില്ലാത്ത സാഹചര്യത്തില്‍ നിയമനം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ റിപ്പണ്‍ എസ്റ്റേറ്റ് എല്‍പി സ്‌കൂളില്‍ 2011 മെയ് മാസത്തില്‍ നടത്തിയ അനധികൃത ക്യാംപിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി വിശദമായ റിപോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളില്‍ സാംസ്‌കാരിക വിദ്യാഭ്യാസ സംഘടനകള്‍ക്ക് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയിലെ എതിര്‍കുന്ന് കുറുമ കോളനിയിലെ ശ്മശാന ഭൂമി കൈയേറ്റം സംബന്ധിച്ച് കോളനിവാസികള്‍ സമര്‍പ്പിച്ച പരാതിയില്‍ അഡീഷനല്‍ തഹസില്‍ദാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി റിപോര്‍ട്ട് സമര്‍പ്പിച്ചു. കോളനിക്കാര്‍ക്ക് 40 സെന്റ് ഭൂമിയുടെ പട്ടയമാണ് കൈവശമുള്ളത്. എന്നാല്‍, 25 സെന്റ് ഭൂമിയുടെ അവകാശരേഖ മാത്രമേ ഇവരുടെ കൈവശമുള്ളൂ. കോളനിവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 21ന് കോളനിയിലെ ശ്മശാന ഭൂമി അളന്നു തിരിക്കാന്‍ തീരുമാനിച്ചതായി സുല്‍ത്താന്‍ ബത്തേരി അഡീഷനല്‍ തഹസില്‍ദാര്‍ അറിയിച്ചു. 2016 ജനുവരി അഞ്ചിനു മുമ്പ് ഈ കേസിന് ആസ്പദമായ ഭൂമി അളന്ന് റീസര്‍വേ നടത്തി വിശദമായ റിപോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ ഉത്തരവായി.
വൈത്തിരി വെറ്ററിനറി സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ തസ്തിക നികത്തുന്നതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ സര്‍വകലാശാലയ്ക്കു വേണ്ടി ഡെപ്യൂട്ടി രജിസ്ട്രാര്‍ അദാലത്തില്‍ ഹാജരായി റിപോര്‍ട്ട് സമര്‍പ്പിച്ചു. 37 പുതിയ പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗങ്ങളായ എ ബിജി, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, കമ്മീഷന്‍ സെക്രട്ടറി ഡി ഷാജി അദാലത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it