യുപി തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് നരേന്ദ്രമോദി തുടക്കംകുറിച്ചു

അലഹബാദ്: വിവാദ വിഷയങ്ങള്‍ തൊടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ഉപദേശങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മുദ്രാവാക്യങ്ങള്‍ കൊണ്ടുമാത്രം ജനങ്ങള്‍ സംതൃപ്തരാവില്ലെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും കേരള, പശ്ചിമബംഗാള്‍ സംസ്ഥാനത്തില്‍ ബിജെപി ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
വിജയത്തിലേക്കുള്ള വഴിയാണ് മുന്നിലുള്ളതെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലം കാണുമെന്നും മോദി പറഞ്ഞു. യോഗത്തിനു ശേഷം ബിജെപിയുടെ യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിച്ചു. ഇന്നലെ അലഹബാദില്‍ നടന്ന, അടുത്ത വര്‍ഷത്തെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിലുള്ള റാലിയില്‍ മോദിക്ക് പുറമേ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവരും പങ്കെടുത്തു. ബിജെപി നേതാക്കളാണ് യുപി ഭരിച്ചിരുന്നതെങ്കില്‍ സംസ്ഥാനം വലിയ വികസനത്തിന് സാക്ഷ്യം വഹിക്കുമായിരുന്നെന്നും അഞ്ചുവര്‍ഷം വീതമുള്ള ഭരണക്കാലയളവില്‍ മായാവതിയും മുലായം സിങും ജുഗല്‍ ബന്ദി അവതരിപ്പിക്കുകയാണെന്നും, അതവസാനിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it