യുപി തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ബിജെപി, എസ്പി നീക്കം; സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കേണ്ട ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ നീക്കം. ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുമാണ് ഇതിനായി നീക്കം നടത്തുന്നത്. 2017 മധ്യത്തില്‍ നടത്തേണ്ട തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് ശ്രമം. എന്നാല്‍, ബിഎസ്പി ഇതിനെ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രത്യേക നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടികള്‍ക്ക് സുപ്രധാനമാണ്. അസമില്‍ ഭരണം പിടിക്കുകയും കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്ത ബിജെപി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നേരിടാന്‍ മികച്ച സമയമാണ് ഇതെന്നു കരുതുന്നു. ഇതിനകം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
2017 മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കാലാവധി തീരുന്നത്. അതിനു മുമ്പ് പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു തിരിച്ചടിയുണ്ടായാല്‍ അത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയാണ് ബിജെപിക്കുള്ളത്. അതിനാല്‍ അതിനു മുമ്പ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കണമെന്ന് ബിജെപി കരുതുന്നു. അതോടൊപ്പം താഴെത്തട്ടില്‍ പ്രചാരണം ആരംഭിച്ച സമാജ്‌വാദി പാര്‍ട്ടി സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന നിലപാടിലാണ്. ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ് വേ, പ്രധാന നഗരങ്ങളിലെല്ലാം മെട്രോ, ലഖ്‌നോ, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ വന്‍കിട പദ്ധതികള്‍ തുടങ്ങിയവയെല്ലാം അതിവേഗത്തില്‍ നടപ്പാക്കി വരുകയാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിന് ഭരണത്തുടര്‍ച്ച ആവശ്യപ്പെടാമെന്നാണ് സമാജ്‌വാദിപാര്‍ട്ടി കരുതുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും സാധ്യതയുള്ളത് ബിഎസ്പിക്കാണെന്നാണ് രഹസ്യാന്വേഷണ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it