യുപിയില്‍ കോണ്‍ഗ്രസ്സിനെ പ്രിയങ്കാഗാന്ധി നയിക്കും?

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രിയങ്കാഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തിന് വേദിയായേക്കുമെന്ന് സൂചന. ദേശീയതലത്തില്‍തന്നെ നിര്‍ണായകമായ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ്രമുഖ തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോര്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ നേതൃത്വത്തോട് നിര്‍ദേശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
2014 പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പവും കഴിഞ്ഞ വര്‍ഷം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പവും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച പ്രശാന്ത് കിഷോര്‍ യുപിയില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിയുടെ പ്രചാരണ രീതികളില്‍ മാറ്റങ്ങള്‍ കിഷോര്‍ നിര്‍ദേശിച്ചേക്കുമെന്നുറപ്പാണ്. അതില്‍ സുപ്രധാനമായ ഒന്നായിരിക്കും ്രപിയങ്കയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശിലെ ഗ്രാമീണ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കോണ്‍്ഗ്രസ്സില്‍ ഒരു വിഭാഗം നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീ നേതാക്കളുടെ പങ്ക് പ്രധാനമായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ളവരില്‍ സ്മൃതി ഇറാനിയുമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബിഎസ്പിയെ പതിവുപോലെ മായാവതി നയിക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രചാരണത്തില്‍ മുഖ്യമന്ത്രി അഖിലേഷ് കുമാറിന്റെ ഭാര്യ ഡിംപിള്‍ യാദവ് പ്രധാന പങ്ക് വഹിച്ചേക്കും.
Next Story

RELATED STORIES

Share it