യുപിയില്‍ എട്ട് മുസ്‌ലിം രാഷ്ട്രീയ കക്ഷികള്‍ കൈകോര്‍ക്കുന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എട്ടു മുസ്‌ലിം രാഷ്ട്രീയ കക്ഷികള്‍ കൈകോര്‍ക്കുന്നു. സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിക്കാനുള്ള പുതിയ നീക്കം ഈ വിഭാഗത്തിന്റെ പിന്തുണ തേടുന്ന സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നിവയെ ആശങ്കയിലാക്കി. പീസ് പാര്‍ട്ടി, രാഷ്ട്രീയ ഉലമാ കൗണ്‍സില്‍, പാര്‍ച്ചം പാര്‍ട്ടി, മുസ്‌ലിം മജ്‌ലിസ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, മുസ്‌ലിം മഹാജ്, ഇന്ത്യന്‍ മുസ്‌ലിംലീഗ് എന്നീ പാര്‍ട്ടികളാണ് കൂട്ടായ സഖ്യത്തിനു ശ്രമംനടത്തുന്നത്. ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും സഖ്യത്തില്‍ ചേരുമെന്നാണു പ്രതീക്ഷ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്‌ലിം മഹാജ് അധ്യക്ഷന്‍ ഇസ്മയില്‍ ബട്‌ലിവാലയാണു സഖ്യത്തിന്റെ കണ്‍—വീനര്‍.  പാര്‍ട്ടി നേതാക്കള്‍ രണ്ടുതവണ ചര്‍ച്ചനടത്തിയതായും നയരൂപീകരണ ചര്‍ച്ച ജൂലൈ 19നു നടക്കുമെന്നും ഇന്ത്യന്‍ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഡോ. മത്തീന്‍ അറിയിച്ചു. 2011ലെ സെന്‍സസ് പ്രകാരം ഉത്തര്‍പ്രദേശിലെ മുസ്‌ലിം ജനസംഖ്യ 3.84 കോടിയാണ്. 38 ജില്ലകളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനു ശക്തമായ സ്വാധീ—നമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 64 മണ്ഡലങ്ങളില്‍ ഗതിനിര്‍ണയിക്കാന്‍ സഖ്യത്തിനു സാധിക്കുമെന്നാണു കണക്കുകൂട്ടല്‍. സമാജ്‌വാദി പാര്‍ട്ടിക്കാണു നിലവില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം എംഎല്‍എമാരുള്ളത്. ഇത് 43 എണ്ണം വരും. എന്നാല്‍ അവര്‍ പാര്‍ട്ടി നിയന്ത്രണത്തിലായതിനാല്‍ സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണെന്നും മത്തീന്‍ കൂട്ടിച്ചേര്‍ത്തു. മുസഫര്‍നഗര്‍ കലാപവും മുസ്‌ലിം ജനവിഭാഗത്തിനുനേരെ അരങ്ങേറിയ അതിക്രമങ്ങളും മറ്റ് പാര്‍ട്ടികളെ ആശ്രയിക്കാതെ തങ്ങളുടേതായ ഒരു നേതൃത്വം വേണമെന്ന് അഭിപ്രായവുമാണ് ഈ നീക്കത്തിനു പിന്നിലെന്നും നേതാക്കള്‍ പറയുന്നു. സഖ്യ നീക്കം സമാജ്‌വാദി പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it