യുപിയിലും മഹാസഖ്യത്തിന് സാധ്യത: അഖിലേഷ് യാദവ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ മാതൃകയില്‍ മതനിരപേക്ഷസഖ്യം സാധ്യമാണെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപിയെ നേരിടാന്‍ ബിഹാര്‍ മാതൃകയില്‍ മഹാസഖ്യം യുപിയില്‍ സാധ്യമാണോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇതു സംബന്ധിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും അടങ്ങുന്ന മഹാസഖ്യം വേണമെന്ന് സംസ്ഥാനത്തെ മന്ത്രി നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബിഹാറിലെന്നതുപോലെ യുപിയിലും സീറ്റുകള്‍ തൂത്തുവാരിയിരുന്നു. 15 വര്‍ഷത്തിനു ശേഷം യുപിയില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വികസനത്തിന് അനുകൂലമായ ജനവിധിയാണ് ബിഹാറിലേതെന്നും യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതു തന്നെയാണ് സംഭവിച്ചതെന്നും അഖിലേഷ് പറഞ്ഞു.
യുപി തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും മഹാസഖ്യം രൂപീകരിക്കണമെന്ന് മന്ത്രി ഫരീദ് മഹ്ഫൂസ് കിദ്വായി ആണ് നിര്‍ദേശിച്ചിരുന്നത്. ദൈവേച്ഛയനുസരിച്ച് ബിഹാറിലെ പോലെ യുപിയിലും മഹാസഖ്യം വന്നാല്‍ തീര്‍ച്ചയായും ബിജെപിയെ പരാജയപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. യുപി രാഷ്ട്രീയത്തിലെ മുഖ്യ എതിരാളികളായ എസ്പിയും ബിഎസ്പിയും ഒന്നിക്കുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അത് തന്റെ ആഗ്രഹമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Next Story

RELATED STORIES

Share it