യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് അധീന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ (യുജെസി) ഏറ്റെടുത്തു. സംഘടനയുടെ ഹൈവേ സ്‌ക്വാഡ് വിഭാഗമാണ് വ്യോമതാവളം ആക്രമിച്ചതെന്ന് യുജെസി വക്താവ് സയ്യിദ് സദാഖത് ഹുസൈന്‍ പറഞ്ഞതായി ശ്രീനഗറില്‍ നിന്നുള്ള സിഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്താന്‍ പേടി വച്ചുപുലര്‍ത്തുന്നവരാണെന്ന് സയ്യിദ് സദാഖത് ഹുസൈന്‍ പറയുന്നു. എല്ലാ ആക്രമണങ്ങള്‍ക്കും പാകിസ്താനെ കുറ്റപ്പെടുത്തിയാണ് ഇത്തരത്തില്‍ ഭയം പടര്‍ത്തുന്നത്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും വക്താവ് പറഞ്ഞു. കശ്മീരിലെ വിമതര്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരേ കഴിഞ്ഞ 27 വര്‍ഷമായി പോരാടുകയാണെന്നും ഈ പോരാട്ടം എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും സയ്യിദ് പറയുന്നു.
പാകിസ്താനെ കുറ്റപ്പെടുത്തുന്നതിനു പകരം സമയം പാഴാക്കാതെ കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ ഭാവി തീരുമാനിക്കാന്‍ അവസരം നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും സംഘടന വ്യക്തമാക്കി. ലഷ്‌കറെ ത്വയ്യിബ അടക്കമുള്ള 13 സായുധ സംഘടനകള്‍ ഒരുമിച്ചാണ് യുജെസി രൂപീകരിച്ചത്.
Next Story

RELATED STORIES

Share it