യുദ്ധവിമാനങ്ങള്‍ക്ക് വനിതാ പൈലറ്റുമാരും

ന്യൂഡല്‍ഹി: പോര്‍വിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രനീക്കത്തിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ഇതോടെ 2017 ജൂണില്‍ പരിശീലനം സിദ്ധിച്ച വനിതാ പൈലറ്റുമാര്‍ യുദ്ധവിമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. ഇന്നലെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയ വക്താവ് സിതാന്‍ഷുകര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ വ്യോമസേനയിലുള്ള വനിതാ ബാച്ചിനു സെക്കന്തരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം നല്‍കും. ആദ്യഘട്ട പരിശീലനത്തിനു ശേഷം 2016 ജൂണില്‍ ഇവരെ യുദ്ധവിമാന വിഭാഗത്തിലേക്കു കമ്മീഷന്‍ ചെയ്യും. തുടര്‍ന്ന് ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷം 2017 ജൂണില്‍ വനിതകള്‍ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
യുദ്ധവിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുമാര്‍ക്കും അവസരം നല്‍കുമെന്ന് 83ാമത് വ്യോമസേനാ ദിനത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ അറിയിച്ചിരുന്നു. ഹെലികോപ്റ്ററുകളും യാത്രാവിമാനങ്ങളും പറത്തുന്ന വനിതാ പൈലറ്റുമാര്‍ എയര്‍ഫോഴ്‌സിലുണ്ട്. യുദ്ധരംഗത്തും കടന്നുവരാനുള്ള ഇന്ത്യയിലെ യുവതികളുടെ ആഗ്രഹം മനസ്സിലാക്കിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് അരൂപ് റാഹ വ്യക്തമാക്കിയിരുന്നു.
ഫൈറ്റര്‍ ജെറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും ശാരീരിക പ്രതിബന്ധങ്ങള്‍ ഉള്ളതായി കരുതുന്നില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കിയിരുന്നു. 1500 വനിതകളാണ് വ്യോമസേനയിലുള്ളത്. ഇവരില്‍ 110 പേരാണ് പൈലറ്റുമാര്‍. മുമ്പ് യുദ്ധവിമാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് അവസരം നല്‍കാറുണ്ടായിരുന്നില്ല.
വിമാനം തകര്‍ക്കപ്പെടുകയോ ശത്രുക്കള്‍ വെടിവച്ചിടുകയോ ചെയ്യുമ്പോള്‍ ജീവനോടെ പിടിക്കപ്പെട്ടാല്‍ സംഭവിക്കാവുന്ന മര്‍ദ്ദനമുറകളും മറ്റുമാണ് യുദ്ധവിമാനങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാതിരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. നാവികസേനയിലും വ്യോമസേനയിലും അഡ്മിനിസ്‌ട്രേറ്റീവ്, മെഡിക്കല്‍, വിദ്യാഭ്യാസ മേഖലകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നേരത്തേ അവസരം നല്‍കിയിരുന്നത്. എയര്‍ക്രാഫ്റ്റുകളില്‍ നിരീക്ഷകരായും വനിതാ പൈലറ്റുമാരെ നിയോഗിക്കാറുണ്ട്.
Next Story

RELATED STORIES

Share it