യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ നാലു പേര്‍ക്ക് വധശിക്ഷ

ധക്ക: 1971ലെ വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നാലു പേര്‍ക്കു കൂടി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് പ്രത്യേക ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. പാകിസ്താന്റെ പക്ഷം ചേര്‍ന്ന് രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് കേസ്. വധശിക്ഷ വിധിച്ചവരില്‍ ഒളിവിലുള്ള മൂന്നു പേരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനും കോടതി നിര്‍ദേശിച്ചു. പാകിസ്താന്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ബംഗാളിലെ സമാന്തരസൈനിക വിഭാഗമായ റസാകര്‍ ബാഹിനി അംഗങ്ങളായിരുന്നു ഇവരെല്ലാം. ഇതിനു പുറമെ ഒരാള്‍ക്കു കോടതി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗസി അബ്ദുല്‍ മന്നാന്‍, നസിറുദ്ദീന്‍ അഹ്മദ്, ഇയാളുടെ സഹോദരന്‍ ഷംസുദ്ദീന്‍ അഹ്മദ്, ഹാഫിസ് ഉദ്ദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. അസറുല്‍ ഇസ്‌ലാമിനാണ് മരണം വരെ തടവു വിധിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it