Flash News

യുദ്ധം ജയിച്ച് ഇന്ത്യ; ആറ് വിക്കറ്റിന് പാകിസ്താനെ തോല്‍പിച്ചു

കൊല്‍ക്കത്ത: യുദ്ധം ജയിച്ച് ഇന്ത്യ ട്വന്റി ക്രിക്കറ്റ് ലോകകപ്പിലേക്ക് ശക്തമായി തിരിച്ചുവന്നു. ഇന്നലെ ചിരവൈരികളായ പാകിസ്താനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ അനായാസം വെന്നിക്കൊടി നാട്ടുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ (55*) അര്‍ധസെഞ്ച്വറിയുടെ മികവില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
മല്‍സരത്തിന് മുമ്പ് മഴ രസക്കൊല്ലിയായെത്തിയെങ്കിലും മല്‍സരം തുടങ്ങിയതോടെ കളിക്കളവും ഗാലറിയും ആവേശ പെരുമഴ തീര്‍ക്കുകയായിരുന്നു. ഒടുവില്‍ ഈഡന്‍ ഗാര്‍ഡനിലെ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കി ഇന്ത്യന്‍ പട അനിവാര്യമായ വിജയം കൈക്കലാക്കുകയും ചെയ്തു. വിജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ തിരിച്ചുവന്നു. നേരത്തെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.
മഴയെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ഇന്ത്യ-പാകിസ്താന്‍ മല്‍സരം ആരംഭിച്ചത്. മഴയെ തുടര്‍ന്ന് 18 ഓവറാക്കി മല്‍സരം പുനക്രമീകരിച്ചു. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 118 റണ്‍സെടുത്തു. 16 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സെടുത്ത ശുഐബ് മാലിക്കാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. അഹ്മദ് ഷെഹ്‌സാദും (25) ഉമര്‍ അക്മലും (22) ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ 15.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താവാതെ 37 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് കോഹ്‌ലി 55 റണ്‍സെടുത്തത്. യുവരാജ് സിങ് (24), മഹേന്ദ്രസിങ് ധോണി (13*), രോഹിത് ശര്‍മ (10) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it