യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം ഏപ്രില്‍ ആദ്യവാരം

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു പുനരാരംഭിക്കും. ഇന്നത്തെ ചര്‍ച്ചയോടെ ഘടകകക്ഷികളുമായി ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനു പുറമേ, യുഡിഎഫ് യോഗവും കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഇന്നു ചേരും. വിജയസാധ്യതയുള്ള സീറ്റിന്റെ പേരില്‍ ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ അവരുമായി ധാരണയിലെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസ്സിനും സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്കു കടക്കാന്‍ കഴിയൂ.
സിഎംപി ഒഴികെ ഒരു പാര്‍ട്ടിയുമായും സീറ്റ് വിഭജന ചര്‍ച്ചയില്‍ അന്തിമധാരണയില്‍ എത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മുസ്‌ലിംലീഗ് കഴിഞ്ഞ തവണ മല്‍സരിച്ച 24 സീറ്റുകളില്‍ ഇക്കുറി ജനവിധി തേടാന്‍ തീരുമാനിച്ചെങ്കിലും 20 സീറ്റുകളില്‍ മാത്രമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. ശേഷിക്കുന്ന സീറ്റുകളില്‍ ധാരണയാവേണ്ടതുണ്ട്. രണ്ടു സീറ്റിന്റെ കാര്യത്തില്‍ മാത്രം ധാരണയാവേണ്ട ആര്‍എസ്പിയുമായി കാര്യമായ തര്‍ക്കങ്ങളൊന്നുമില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം), ജേക്കബ്, ജെഡിയു വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ വെല്ലുവിളിയാവും.
അധികമായി മൂന്നു സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് മാണിയും അങ്കമാലി വിട്ടുതരില്ലെന്ന് ജേക്കബ് വിഭാഗവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ജെഡിയുവിന് ഏഴു സീറ്റ് നല്‍കാന്‍ ധാരണയായെങ്കിലും ഇതില്‍ മൂന്നെണ്ണം വച്ചുമാറി ജയസാധ്യതയുള്ള സീറ്റ് വേണമെന്നാണു നേതൃത്വത്തിന്റെ നിലപാട്. ജെഡിയുവിന് മലബാറില്‍ ജയസാധ്യതയുള്ള ഒരു സീറ്റിന്റെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്നു രാവിലെ 10ന് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളുമായാണ് ആദ്യ ചര്‍ച്ച. 12ന് ആര്‍എസ്പിയുമായും ഉച്ചയ്ക്ക് രണ്ടിന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായും ചര്‍ച്ച നടത്തും. വൈകീട്ട് മൂന്നിന് യുഡിഎഫ് യോഗം ചേരും. ഇതിനുശേഷമായിരിക്കും ജെഡിയുവുമായുള്ള ചര്‍ച്ച.
യുഡിഎഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തുക. ചര്‍ച്ചകള്‍ക്കായി 28ന് താനും വി എം സുധീരനും രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it