wayanad local

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണം; നിതീഷ് കുമാര്‍ നാളെ ജില്ലയില്‍

കല്‍പ്പറ്റ: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു) അഖിലേന്ത്യാ അധ്യക്ഷനുമായ നിതീഷ് കുമാര്‍ നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് മണ്ഡലം യുഡി എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് ബിജെപി വിരുദ്ധചേരിക്ക് ശക്തമായ നേതൃത്വം നല്‍കുന്ന നീതിഷ് കുമാര്‍ പ്രചാരണത്തിനെത്തുന്നത് യു ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമാവും. ദേശീയ പ്രാധാന്യമുള്ള കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതരചേരിയുടെ പരാജയമാണ് ബിജെപിയും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നത്. ബിജെ പി ഇല്ലാത്ത നിയമസഭയാണ് യുഡിഎഫിന്റെ ലക്ഷ്യം. ബിഹാറില്‍ ബിജെപി യെ തറപറ്റിച്ച മഹാസഖ്യത്തിന് നേതൃത്വം നല്‍കിയ നിതീഷ് കുമാറിന്റെ പര്യടനം മതേതരചിന്തകള്‍ ശക്തിപ്പെടുത്തും. കര്‍ണാടകയിലെ ശിശുക്ഷേമ,വികസന മന്ത്രി ഉമാശ്രീയും പങ്കെടുക്കും.
ഭരണകാലത്ത് സാധ്യമാക്കിയ വികസനത്തിന്റെ തുടര്‍ച്ചയ്ക്കുവേണ്ടിയാണ് യുഡിഎഫ് ഇത്തവണ ജനങ്ങളെ സമീപിക്കുന്നത്. കല്‍പ്പറ്റയില്‍ യു ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വിള്ളല്‍ വീഴ്ത്താനായി എല്‍ഡിഎഫ് അപരനെ ഇറക്കിയിരിക്കുകയാണ്. അപരന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചവരെല്ലാം സിപിഎം അംഗങ്ങളും അറിയപ്പെടുന്ന നേതാക്കളുമാണ്. സിപിഎം ജില്ലാ സെക്രട്ടറി മല്‍സരിക്കുന്ന മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പിന്തുണച്ച പാര്‍ട്ടിനേതാക്കളുടെ കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, കണ്‍വീനര്‍ പി പി ആലി, കെ കെ ഹംസ, വൈസ് ചെയര്‍മാന്‍മാരായ അഡ്വ.ടി ജെ ഐസക്, എം എം രമേശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it