യുഡിഎഫ് സീറ്റ് വിഭജനം: ഫലം കാണാതെ ഉഭയകക്ഷി ചര്‍ച്ചകള്‍

യുഡിഎഫ് സീറ്റ് വിഭജനം: ഫലം കാണാതെ ഉഭയകക്ഷി ചര്‍ച്ചകള്‍
X
udf

തിരുവനന്തപുരം: സീറ്റ് വിഭജനത്തിനായി ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടി. കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഘടകകക്ഷികളും അയവില്ലാത്ത നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.
സി പി ജോണിന്റെ നേതൃത്വത്തിലുള്ള സിഎംപിയുമായി നടത്തിയ ചര്‍ച്ചയില്‍ മാത്രമാണ് പുരോഗതിയുണ്ടായത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട കുന്നംകുളം സീറ്റ് സി പി ജോണിന് തന്നെ നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേരള കോണ്‍ഗ്രസ് എം, ജെഡിയു, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്തിയില്ല. 14ന് വീണ്ടും ചര്‍ച്ച നടത്തും. പിറവത്തിന് പുറമെ അങ്കമാലി അല്ലെങ്കില്‍ മൂവാറ്റുപുഴ വേണമെന്ന ആവശ്യമാണ് ജോണി നെല്ലൂര്‍ ഉന്നയിച്ചത്. സിറ്റിങ് സീറ്റായ പിറവത്ത് അനൂപ് ജേക്കബ് തന്നെ സ്ഥാനാര്‍ഥിയാവും. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായതിനാല്‍ മൂവാറ്റുപുഴയെക്കുറിച്ച് ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
അങ്കമാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിച്ചാല്‍ മാത്രമെ ജയസാധ്യതയുള്ളൂവെന്ന പ്രാദേശിക നേതൃത്വത്തിന്റെ വികാരം കെപിസിസി ജോണി നെല്ലൂരിനെ അറിയിച്ചു. ഇപ്പോള്‍ നടന്ന ചര്‍ച്ചകള്‍ തൃപ്തികരമല്ലെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു.
കഴിഞ്ഞതവണ ആറ് സീറ്റില്‍ മല്‍സരിച്ച ജെഡിയു 10 സീറ്റെങ്കിലും വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. 2011ല്‍ മല്‍സരിച്ച് തോറ്റ നാല് മണ്ഡലങ്ങള്‍ വച്ചുമാറണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രത്യേകിച്ച് തിരുവനന്തപുരത്ത് മല്‍സരിച്ച നേമത്തിന് പകരം കോവളം അല്ലെങ്കില്‍ വാമനപുരം നല്‍കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിന് പുറമെ കായംകുളം സീറ്റും ചോദിച്ചു. എലത്തൂര്‍, മട്ടന്നൂര്‍ സീറ്റുകള്‍ക്ക് പകരം ജയസാധ്യതയുള്ള മണ്ഡലം വേണമെന്നും ആവശ്യപ്പെട്ടു. ധാരണയിലെത്തിയിട്ടില്ലെന്നും വീണ്ടും ചര്‍ച്ച നടക്കുമെന്നും എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
മൂന്ന് സീറ്റെങ്കിലും അധികം വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് എം ചോദിച്ചത്. റാന്നി, പുനലൂര്‍, എറണാകുളം ജില്ലയില്‍ ഒരു സീറ്റുമാണ് ചോദിച്ചത്. കോണ്‍ഗ്രസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. കഴിഞ്ഞ തവണ മല്‍സരിച്ച ഡോ. കെ സി ജോസഫ് മുന്നണി വിട്ട സാഹചര്യത്തില്‍ കുട്ടനാട് സീറ്റും പി സി ജോര്‍ജ് മല്‍സരിച്ച പൂഞ്ഞാറും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചനയും നല്‍കി. മാണി ഇതിനോടൊന്നും വഴങ്ങിയില്ല. ആര്‍എസ്പിയുമായി ഇന്ന് ചര്‍ച്ച നടക്കും. 14ന് എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തിയ ശേഷം 15ന് യുഡിഎഫ് യോഗം നിശ്ചയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it