യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പരിശോധിക്കാന്‍ എ കെ ബാലന്‍ കണ്‍വീനറായ ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, എ കെ ശശീന്ദ്രന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍.
അന്വേഷണ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുവെന്ന യുവജന സംഘടനകളുടെ പരാതി മന്ത്രിസഭ ചര്‍ച്ചചെയ്തു. ഒഴിവുകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യാത്തതാണ് ഇതിനു കാരണം. സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഒഴിവുകളും 10 ദിവസത്തിനകം റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. പുരോഗതി ദിനേന പരിശോധിക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിങ് നടത്താനും നിര്‍ദേശം നല്‍കി. പ്രായോഗികപ്രശ്‌നങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനു സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേനയുള്ള പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തും. നിലവില്‍ വിലനിയന്ത്രണത്തിനായി 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്.
ഇത് 150 കോടിയാക്കി ഉയര്‍ത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചത് ബജറ്റില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് എന്തു നടപടിയാണു വേണ്ടതെന്ന കാര്യത്തില്‍ ഉടന്‍ റിപോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
13ാം പഞ്ചവല്‍സര പദ്ധതിയുമായി മുന്നോട്ടുപോവും. സര്‍ക്കാര്‍ തലത്തിനു പുറമെ തദ്ദേശഭരണ തലത്തിലും പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കും. കേരളത്തില്‍ ആസൂത്രണ കമ്മീഷന്‍ തുടരും. മഴക്കാലപൂര്‍വ ശുചീകരണം ഉടന്‍ നടപ്പാക്കും. മന്ത്രിമാര്‍ക്കുള്ള സ്വീകരണ പരിപാടികളില്‍ താലപ്പൊലി ഏന്തിയ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തുന്നതും ആര്‍ഭാടവും ഒഴിവാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
Next Story

RELATED STORIES

Share it