യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്; നികുതി വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഇന്നുമുതല്‍ പ്രാബല്യത്തിലാവും. പ്ലാസ്റ്റിക് വസ്തുക്കള്‍, കുപ്പിവെള്ളം എന്നിവയ്ക്കാണ് പ്രധാനമായും വിലകൂടുക.
തുണിസഞ്ചിയെന്ന വ്യാജേന ഉപയോഗിക്കുന്ന നോണ്‍ വുവണ്‍ പോളി പ്രൊപ്പലീന്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകള്‍ക്കും 20 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിക്കുന്ന പദ്ധതിക്ക് ധനം കണ്ടെത്തുന്നതിനായി പ്ലാസ്റ്റിക് കുപ്പികളില്‍ വരുന്ന വെള്ളം, കോള, പാനീയങ്ങള്‍ എന്നിവയ്ക്ക് അഞ്ചുശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതും ഇന്നുമുതല്‍ ബാധകമാവും.
അതേസമയം, നികുതിയിളവ് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറയും. കാരുണ്യ ഫാര്‍മസി, നീതി സ്റ്റോര്‍ മരുന്നുകള്‍, ഹോസ്റ്റല്‍, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ വാടക, ദ്രവീകൃത പ്രകൃതിവാതകം, ജയില്‍ ചപ്പാത്തിയും മറ്റു ഭക്ഷണങ്ങളും, മണ്‍കലങ്ങള്‍, പൂച്ചട്ടികള്‍, പാത്രങ്ങള്‍, പ്രതിമകള്‍, മണ്‍ചൂളകള്‍, കമ്പികളുള്ള കോണ്‍ക്രീറ്റ് ജനല്‍ കട്ടിള, അന്ധര്‍ക്കുള്ള വൈറ്റ്‌കെയ്ന്‍, ഇലക്ട്രോണിക് കെയ്ന്‍, ബ്രെയില്‍ പ്രിന്റര്‍, കീടനാശിനികള്‍, ഏലം, തദ്ദേശ കൈത്തറി ഉല്‍പന്നം എന്നിവയ്ക്കാണ് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള കാര്‍ഷിക സര്‍വകലാശാലയോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ക്ലീനിങ് ലിക്വിഡിനെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ലേലകേന്ദ്രങ്ങളിലൂടെ വില്‍ക്കുന്ന ഏലത്തിന്റെ വാറ്റ് നികുതി പൂര്‍ണമായും ഒഴിവാക്കി. സര്‍ക്കാര്‍ കരാറുകാര്‍ക്ക് 2014ല്‍ തുടങ്ങിയതോ പൂര്‍ത്തീകരിക്കാനുള്ളതോ ആയ കരാര്‍ പണികളുടെ നികുതി മാര്‍ച്ച് 31 വരെ 2014ല്‍ നിലവിലുണ്ടായിരുന്ന നികുതി നിരക്കില്‍ തുടരാനായിരുന്നു തീരുമാനം.
Next Story

RELATED STORIES

Share it