malappuram local

യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കാന്‍ ചേര്‍ന്ന യോഗം അലസിപ്പിരിഞ്ഞു

എടക്കര: വര്‍ഷങ്ങളായി അടവുനയം നില്‍ക്കുന്ന മുത്തേടം പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കുന്നതിനു ചേര്‍ന്ന യോഗം അലസിപ്പിരിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ വിളിച്ചുചേര്‍ത്ത യോഗമാണ് ഏറെ വാക്കേറ്റങ്ങള്‍ക്കൊടുവില്‍ തീരുമാനമാവാതെ പിരിഞ്ഞത്. പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ വ്യക്തവും ഉറച്ചതുമായ തീരുമാനം ഉണ്ടാവണമെന്ന് മുസ്‌ലിംലീഗ് നേതാക്കളായ വടക്കന്‍ സുലൈമാന്‍ ഹാജി, ജസ്മല്‍ പുതിയറ, വി പി അബ്ദുര്‍റഹ്മാന്‍, പുതിയറ കുഞ്ഞാന്‍ എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരരംഗത്തുണ്ടാവുമ്പോള്‍ മാ്രതമാണ് കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ലീഗിന്റെ സ്ഥാനാര്‍ഥിയാണ് രംഗത്തെങ്കില്‍ യുഡിഎഫ് സംവിധാനം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
എന്നാല്‍, മുസ്‌ലിംലീഗാണ് യുഡിഎഫ് സംവിധാനത്തിന് വിള്ളല്‍വരുത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കളും വാദിച്ചതോടെയാണ് യോഗം അലങ്കോലമായി പിരിഞ്ഞത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍, മുണ്ടമ്പ്ര ബഷീര്‍, എന്‍ പ്രഭാകരന്‍, എന്‍ കെ കുഞ്ഞുണ്ണി എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി യോഗത്തിനുണ്ടായിരുന്നത്. തര്‍ക്കം നീണ്ടുപോയതോടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു. ജില്ലാ നേതൃത്വം ഇടപ്പെട്ട് പ്രശ്‌നം തീര്‍ക്കട്ടെ എന്ന നിലപാടിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. യുഡിഎഫ് സഖ്യത്തിനു വേണ്ടി ചേര്‍ന്ന മൂന്നാമത്തെ യോഗമാണ് തീരുമാനമാവാതെ പിരിയുന്നത്. സംസ്ഥാനത്ത് അടവുനയം നിലനിന്നപ്പോള്‍ ഇടതിനൊപ്പം ചേര്‍ന്ന് മുസ്‌ലിംലീഗ് ഭരണം കൈയാളിയിരുന്നു.
സംസ്ഥാനത്ത് അടവ് നയം ഉപേക്ഷിച്ചിട്ടും സിപിഎമ്മുമായുള്ള കൂട്ടുകെട്ടില്‍ പഞ്ചായത്ത് ഭരണം മുസ്‌ലിംലീഗ് നിലനിര്‍ത്തി. തുടര്‍ന്നുള്ള ഭരണസമിതിയില്‍ മുസ്‌ലിംലീഗ് സിപിഎമ്മിനൊപ്പം പ്രതിപക്ഷത്തായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിലും ലീഗിന്റെ സഹായത്തോടെയാണ് സിപിഎം ഭരണം പിടിച്ചെടുത്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it