ernakulam local

യുഡിഎഫ് പ്രായോഗികമായി ചിന്തിച്ച് അവസരം മുതലാക്കി: മുഖ്യമന്ത്രി

പറവൂര്‍: അധികാരത്തിലേറിയ എല്‍ഡിഎഫ് അപ്രായോഗികമായി ചിന്തിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍നിന്നും മുഖംതിരിച്ച് അഞ്ചുവര്‍ഷം പാഴാക്കുകയായിരുന്നുവെന്നും അതേസമയം അധികാരം കിട്ടിയ യുഡിഎഫ് പ്രായോഗികമായി ചിന്തിച്ച് വികസനത്തിനു പുതിയ മുഖം നല്‍കി ജനങ്ങള്‍ നല്‍കിയ അവസരം മുതലാക്കുകയും ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി ഡി സതീശന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്താഗതിക്കു യുഡിഎഫ് സര്‍ക്കാര്‍ മാറ്റംവരുത്തി. മനസ്സുവച്ചാല്‍ എന്തും നടക്കുമെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം തെളിയിച്ചു. ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് സര്‍ക്കാരിനെ മുന്നോട്ടു നയിച്ചത്. കേരളം ഇനിയും ഉയരണം. നഷ്ടപ്പെട്ടതെല്ലാം നമുക്കു തിരിച്ചുപിടിക്കണം. മന്ത്രിമാര്‍ക്കെതിരെയും തനിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിരട്ടി ആത്മവിശ്വാസം നഷ്ടപ്പെടുത്തുവാനാണ് പ്രതിപക്ഷം കിണഞ്ഞുശ്രമിച്ചത്.
ലോട്ടറി വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പൂര്‍ണമായി ശരിയാണെന്ന് തെളിഞ്ഞു. ലോട്ടറി കാര്യത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ സംവാദത്തിനു ക്ഷണിച്ചു പരാജയപ്പെടുത്തിയ സതീശന്‍ അതോടെ കേരളത്തിലും ഇന്ത്യയിലെയും താരമായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിച്ചിട്ടില്ല. ലോട്ടറിയിലൂടെയുള്ള വരുമാനം 12 ഇരട്ടിയായി വര്‍ധിച്ചു.
യുഡിഎഫ് പറവൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ കെ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പ്രഫ. കെ വി തോമസ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി വല്‍സല പ്രസന്നകുമാര്‍, സ്ഥാനാര്‍ഥി വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, എം ഒ ജോണ്‍, വി പി ജോര്‍ജ്, ആശ സനല്‍, എം ടി ജയന്‍, കെ എ സെബാസ്റ്റിയന്‍, വി എം കാസിം, സുഗതന്‍, ടി കെ ഇസ്മായില്‍, രമേഷ് ഡി കുറുപ്പ് സംസാരിച്ചു. സ്ഥാനാര്‍ഥി വി ഡി സതീശന് കെട്ടിവയ്ക്കാനുള്ള തുക ടിസിസിയിലെ ഐഎന്‍ടിയുസി യൂനിയന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സതീശന് കൈമാറി. 1001 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റിയെ യോഗത്തില്‍ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it