യുഡിഎഫ് പ്രകടനപത്രിക: കാര്‍ഷിക പെന്‍ഷന്‍ 1,000 രൂപയാക്കും; വീട്, ആരോഗ്യം, ഭക്ഷണം, തൊഴില്‍

തിരുവനന്തപുരം: ജനകീയ വികസനാവശ്യങ്ങള്‍ നിറവേറ്റുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് പ്രകടനപത്രിക. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മപരിപാടികളും പത്രികയില്‍ വ്യക്തമാക്കുന്നു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒറ്റനോട്ടത്തില്‍: നഗര-ഗ്രാമപ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം. എല്ലാ ഭവനരഹിതര്‍ക്കും പാര്‍പ്പിടം. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അത്യാവശ്യസാധനങ്ങളുടെയും വിലനിലവാരം പിടിച്ചുനിര്‍ത്തും. സബ്‌സിഡി ജൈവകൃഷി വ്യാപിപ്പിക്കും. എല്ലാ ഗ്രാമങ്ങളിലും ഭക്ഷ്യസംസ്‌കരണ യൂനിറ്റുകള്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫാര്‍മേഴ്‌സ് റിഡ്രസല്‍ വെല്‍ഫെയര്‍ അദാലത്ത് ബോര്‍ഡ് എല്ലാതലങ്ങളിലും.
കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ. ഹൈടെക് കൃഷിയിലൂടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഇരട്ടിയാക്കും. ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കാനുള്ള പദ്ധതി. റബര്‍ കര്‍ഷകര്‍ക്കും ഏലകൃഷിക്കാര്‍ക്കും റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി. റബര്‍ സംസ്‌കരണ വ്യവസായങ്ങള്‍.
തീരദേശ-മലയോര വികസനത്തിന് സമഗ്ര പദ്ധതികള്‍. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍മൂലം തൊഴിലും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. ബിപിഎല്ലുകാര്‍, വിധവകള്‍, മൂന്നാം ലിംഗക്കാര്‍, അനാഥര്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവരെ സഹായിക്കാന്‍ പദ്ധതികള്‍. എപിഎല്ലുകാര്‍ക്ക് എട്ടുരൂപയ്ക്ക് മുകളില്‍ നല്‍കിവരുന്ന അരി ഏഴുരൂപയ്ക്ക് നല്‍കും.
മാറാരോഗം പിടിപെട്ടവര്‍ക്ക് സൗജന്യമായി മരുന്നും ചികില്‍സയും. രോഗവിമുക്തരായവര്‍ക്കു പ്രത്യേക പുനരധിവാസ പദ്ധതി.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്. കേരളത്തെ തരിശുഭൂമിരഹിത സംസ്ഥാനമാക്കും. ബിപിഎല്‍ വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ മൂന്നുചക്രവാഹനം, ഇന്‍ഷുറന്‍സ്, വീട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 151 കോടിക്കുപുറമെ പുനരധിവാസകേന്ദ്രം. എല്ലാ ജില്ലകളിലും സ്റ്റാര്‍ട്ടപ് വില്ലേജുകള്‍. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍. എയര്‍കേരള എക്‌സ്പ്രസ് യാഥാര്‍ഥ്യമാക്കും. എല്ലാ ഗ്രാമപ്പഞ്ചായത്തിലും നാലു ഹെക്ടര്‍വരെ ഭൂമി ഏറ്റെടുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍. മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്ക് പങ്കാളിത്തം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സര്‍ക്കാര്‍ വാണിജ്യകേന്ദ്രങ്ങള്‍. കൈത്തറി-കയര്‍ വ്യവസായം ആധുനികവല്‍ക്കരിക്കും.
ഐടി കയറ്റുമതി 1500 കോടിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കും. യുവസംരംഭകര്‍ക്ക് 20 ലക്ഷം പലിശരഹിത വായ്പ. തിരുവനന്തപുരം-കാസര്‍കോട് ജലപാത, ദേശീയ ജലപാത എന്നിവ പ്രവര്‍ത്തനസജ്ജമാക്കും. കേരളത്തിന്റെ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ചരക്കുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കും.
ലക്ഷംവീട് പദ്ധതിയിലെ വീടുകള്‍ പുതുക്കിപ്പണിയും. ഭൂരഹിതര്‍ക്ക് 3 സെന്റ് സൗജന്യഭൂമി. മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പുരോഗതിക്കായി സമഗ്രപദ്ധതികള്‍. സ്ത്രീ സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍. വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നും. എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരും. 2020ഓടെ എല്ലാവര്‍ക്കും ആരോഗ്യരക്ഷ ഉറപ്പുവരുത്തും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ നവീകരിക്കാനും നിലനിര്‍ത്താനും സ്‌പെഷ്യല്‍ പാക്കേജ്. താലൂക്കുകളില്‍ എഫ്എം റേഡിയോ നിലയങ്ങള്‍. ശ്രേഷ്ഠഭാഷയെ ശാസ്ത്രഭാഷയാക്കി വികസിപ്പിക്കും. എല്ലാ താലുക്കുകളിലും മാവേലി ഹോട്ടലുകള്‍. 65 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീ-പുരുഷന്‍മാര്‍ക്കും അങ്കണവാടി വഴി ഉച്ചഭക്ഷണം.
Next Story

RELATED STORIES

Share it