malappuram local

യുഡിഎഫ് പരസ്പരം പൊരുതിയ കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം ലീഗിന്

കാളികാവ്: കാളികാവ് പഞ്ചായത്തില്‍ യുഡിഎഫ് നേര്‍ക്കുനേര്‍ പൊരുതുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം ലീഗിന്. ലീഗിന്റെ മുന്‍ ജില്ലാ പഞ്ചായത്തംഗവും മണ്ഡലം സെക്രട്ടറിയുമായ പി ഖാലിദിനെ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നു. ബ്ലോക്ക് മെമ്പര്‍ പൈനാട്ടില്‍ അഷ്‌റഫാണ് ഖാലിദിന്റെ പേര്‍ നിര്‍ദ്ദേശിച്ചത്.
രണ്ടംഗങ്ങളുള്ള സിപിഎം മല്‍സരിക്കാന്‍ തയ്യാറായതുമില്ല. ആകെയുള്ള 14അംഗങ്ങളില്‍ ലീഗിന് ഏഴും കോണ്‍ഗ്രസിന് അഞ്ചും സിപിഎമ്മിന് രണ്ടും അംഗങ്ങളുമാണുള്ളത്. ഒന്‍പത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. വൈസ്പ്രസിഡന്റായി ലീഗിലെ റംല കീടത്തിനെയും തിരഞ്ഞെടുത്തു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എ മുഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലും ലീഗും കോണ്‍ഗ്രസും വെവ്വേറെയാണ് മല്‍സരിച്ചിരുന്നത്. ബ്ലോക്ക് ഭരണത്തിനു വേണ്ടി കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരുന്നില്ല.വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് ബന്ധം പുനസ്ഥാപിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ഇരുകക്ഷികളുടേയും പ്രാദേശിക നേതൃത്വം പുറം തിരിഞ്ഞു നില്‍ക്കുന്നത് നേതൃത്വത്തിന് കടുത്ത തലവേദനയാണുണ്ടാക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നിന്നത് അനുരജ്ഞനത്തിനു തിരിച്ചടിയുമായി. ബ്ലോക്ക് ഭരണസമിതി രൂപീകരണ കാര്യത്തില്‍ ലീഗ് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടു നിന്നതെന്ന് മണ്ഡലം പ്രസിഡന്റ് മൂസ പറഞ്ഞു.
Next Story

RELATED STORIES

Share it