wayanad local

യുഡിഎഫ് തിരഞ്ഞെടുപ്പ് നേരിടുന്നത് ആത്മവിശ്വാസത്തോടെ: മുഖ്യമന്ത്രി

കല്‍പ്പറ്റ: അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയ വികസനവും ജനങ്ങളുടെ കരുതലും നല്‍കിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. മറ്റ് മുന്നണികള്‍ക്ക് മാതൃകയായ ഐക്യവും കെട്ടുറപ്പുമാണ് യുഡിഎഫിന്റെ ശക്തി.
രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മുന്നണിക്ക് അഞ്ചു വര്‍ഷത്തിനിടെ ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടായില്ല. പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ അഭിമാനത്തിലാണ് സര്‍ക്കാര്‍ ജനവിധി തേടാനൊരുങ്ങുന്നത്.
ഇടതു ഭരണകാലത്ത് സ്വപ്‌നം കാണാന്‍ പോലും ഭയപ്പെട്ടിരുന്ന വന്‍ പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. അഞ്ചു വര്‍ഷം കൊണ്ട് 245 പാലങ്ങളാണ് പണി പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയുടെ കൊമേഴ്‌സ്യല്‍ സര്‍വീസ് നവംബര്‍ ഒന്നിനും കണ്ണൂര്‍ വിമാനത്താവളത്തിലെ സര്‍വീസ് സപ്തംബറിലും ആരംഭിക്കും. ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്നവര്‍ക്ക് വേണ്ടി വികസന പദ്ധതികള്‍ മരവിപ്പിക്കാന്‍ തയ്യാറാവാത്തതാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിജയത്തിന് കാരണം. അഞ്ചു വര്‍ഷം കൊണ്ട് 11 മെഡിക്കല്‍ കോളജുകള്‍, 32 ലക്ഷം പേര്‍ക്ക് സമൂഹിക സേവന പെന്‍ഷന്‍, അപേക്ഷിക്കുന്ന മുഴുവന്‍ അര്‍ഹര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്കുള്ള ധനസഹായം, ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്ത 800 കോടി തുടങ്ങിയ തുല്യതയില്ലാത്ത പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിലെ ഐടി മേഖലയുടെ വളര്‍ച്ചാ മുരടിപ്പിന് കാരണം സിപിഎമ്മിന്റെ കംപ്യൂട്ടര്‍വിരുദ്ധ സമരമായിരുന്നു. കേരളത്തിലെ യുവജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വച്ചു നോക്കിയാല്‍ ഒന്നാം സ്ഥാനത്തെത്തേണ്ടതായിരുന്നു. ബാംഗ്ലൂരില്‍ 40 ശതമാനവും ഹൈദരാബാദില്‍ 20 ശതമാനവും ഐടി മേഖലയില്‍ ജോലി ചെയ്യുന്നതു മലയാളികളാണ്.
കേരളത്തിന്റെ ഈ നഷ്ടം ഒരിക്കലും നികത്താനാവില്ല. ഇത്തരം അനുഭവങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ആരു വന്നാലും ഒരു വികസന പദ്ധതിയില്‍ നിന്നും പിന്നോട്ടുപോവില്ലെന്നു തീരുമാനമെടുത്തത്. ഇക്കാരണത്താലാണ് പല പദ്ധതികളും വിജയത്തിലെത്തിക്കാനായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ നടപടികളും പുരോഗമിക്കുന്നു. നഞ്ചന്‍കോട്-വയനാട് റെയില്‍വേയാണ് മറ്റൊന്ന്. ഇതിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തും.
ആദ്യഘട്ടമെന്ന നിലയില്‍ നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി പാത പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിഎംആര്‍സി പഠനം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
റെയില്‍വേ അംഗീകരിച്ചാല്‍ അതിനു തയ്യാറാവും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍, പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി, എം പി വീരേന്ദ്രകുമാര്‍, എംഎല്‍എമാരായ എം വി ശ്രേയാംസ് കുമാര്‍, ഐ സി ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി പി എ കരീം, ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it