യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ നാളെ സോണിയയെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി നാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ്സിലെ അനൈക്യവും അതിരുകടന്ന ഗ്രൂപ്പിസവും സോണിയയെ നേരിട്ട് അറിയിക്കാനുള്ള നീക്കത്തിലാണ് ഘടകകക്ഷി നേതാക്കള്‍.
പലവട്ടം ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരത്തിനായി ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്ന പരാതിയും ഉന്നയിക്കും. യുഡിഎഫിനുള്ളിലെ സ്വരചേര്‍ച്ചയില്ലായ്മ, സംഘടനാസംവിധാനത്തിലെ പാളിച്ച, കോണ്‍ഗ്രസ്സിലെ വിഴുപ്പലക്കല്‍, പ്രതിപക്ഷത്തിന് രാഷ്ട്രീയായുധം നല്‍കുന്നു തുടങ്ങിയ കാര്യങ്ങളും നേതാക്കള്‍ സോണിയയെ ബോധ്യപ്പെടുത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്നു പാഠംപഠിക്കുന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി അതിദയനീയമാവുമെന്ന മുന്നറിയിപ്പും നല്‍കും. ഐ ഗ്രൂപ്പ് നേതൃമാറ്റം പരോക്ഷമായി ഉന്നയിക്കുന്നതിനിടെയാണ് യുഡിഎഫ് നേതാക്കള്‍ സോണിയ ഗാന്ധിയെ കാണുന്നത്.
അതേസമയം, മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്സും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്നും മറ്റന്നാളും തിരുവനന്തപുരത്ത് നടക്കും. തുല്യപരിഗണന ലഭിക്കുന്നില്ലെന്ന പരാതി ചെറിയ കക്ഷികള്‍ക്കുണ്ട്.
Next Story

RELATED STORIES

Share it