യുഡിഎഫ് അവഗണിക്കുന്നു: സ്മൃതി ഇറാനി

പാലക്കാട്: ദരിദ്രയായ ഒരു പെണ്‍കുട്ടി കേരളത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം യുഡിഎഫും കോണ്‍ഗ്രസ്സും അവഗണിക്കുന്നതില്‍ ആശ്ചര്യപ്പെടുന്നതായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഇക്കാര്യത്തില്‍ ഇടപെടുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമയമില്ല. പകരം ഹെലികോപ്റ്റര്‍ അഴിമതിയില്‍പെട്ട് വട്ടം കറങ്ങുന്ന അവസ്ഥയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോങ്ങാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇറാനി. ദൈവത്തിന്റെ സ്വന്തം നാടായ കേരള ജനത ഇപ്പോള്‍ ആവശ്യപ്പെടുന്നത് സ്ത്രീയുടെ സുരക്ഷയും അഭിമാനവുമാണ്. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടുന്നതിനുവേണ്ടി പഠിച്ചുയര്‍ന്ന ഒരു ദലിത് പെണ്‍കുട്ടിയിന്ന് പൈശാചികമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിനെതിരേ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതായും അവര്‍ ആരോപിച്ചു. കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് അഴിമതിയിലും കുറ്റകൃത്യങ്ങളിലും പെട്ട് ഉലയുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും രാഷ്ട്രീയ എതിരാളികളാണെങ്കില്‍ ബംഗാളില്‍ രണ്ടുകൂട്ടരും ഒന്നിച്ചു നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ക്ലാസ് മുറിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നില്‍ വച്ച് അധ്യാപകനെ വെട്ടിക്കൊല്ലുന്നു, സ്‌കൂള്‍ ഓട്ടോ ഡ്രൈവറെ വെട്ടുന്നു തുടങ്ങിയ അക്രമരാഷ്ട്രീയമാണ് സിപിഎം നടപ്പാക്കുന്നത്. രാജ്യത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി ഗുണകരമായ കാര്യങ്ങളെന്തെങ്കിലും ചെയ്യണമെന്ന് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ചിന്തിച്ചിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. കോങ്ങാട് മണ്ഡലം പ്രസിഡന്റ് അജിപ്രസാദ് അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ രേണു സുരേഷ്, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി രാജീവ് സംസാരിച്ചു.
Next Story

RELATED STORIES

Share it