malappuram local

യുഡിഎഫ് അന്ത്യശാസനം മുസ്‌ലിംലീഗ് തള്ളി; ഭരണം എല്‍ഡിഎഫിന്

കാളികാവ്: യുഡിഎഫ് ജില്ലാ നേതൃത്വത്തില്‍ അന്ത്യാശാസനം മുസ്‌ലിംലീഗ് തള്ളിയതോടെ കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്. ലീഗും കോണ്‍ഗ്രസും വെവ്വേറെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് പഞ്ചായത്തിലുണ്ടായത്.
തിരഞ്ഞെടുപ്പിന് ശേഷം നാലുഘട്ടങ്ങളിലായി യുഡിഎഫ് നേതൃത്വം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പഞ്ചായത്തുഘടകങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരമാണ് നടന്നത്. ഇടതുമുന്നണിയുടെ നീലേങ്ങാടന്‍ സൈദാലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെയുളല 19 സീറ്റില്‍ സിപിഎമ്മിന് എട്ടും കോണ്‍ഗ്രസ്സിന് ആറും ലീഗിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒന്നാംറൗണ്ട് തിരഞ്ഞെടുപ്പിനുശേഷം വരണാധികാരി ലീഗ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി. രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ്സിന്റെ നജീബ് കരുവത്തിലും സിപിഎമ്മിന്റെ സൈദാലിയും മല്‍സരിച്ചു. സിപിഎമ്മിന് എട്ടും കോണ്‍ഗ്രസിന് ആറും വോട്ടു ലഭിച്ചു. സൈദാലിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നാം റൗണ്ടിനു ശേഷം ലീഗ് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എട്ടാവാര്‍ഡില്‍ നിന്നു വിജയിച്ച സിപിഎമ്മിന്റെ സികെ കൗലത്തിനെ തിരഞ്ഞെടുത്തു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. 19ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് അവസാന ശ്രമമെന്ന നിലയില്‍ യുഡിഎഫ് നേതൃത്വം ഇടപ്പെട്ട് ഇന്നലെത്തേക്ക് മാറ്റിവയ്പ്പിക്കുകയായിരുന്നു. ശേഷം ഇന്നലെ രാവിലെ ഏഴുമണിക്ക് എംഎല്‍എമാരായ അഡ്വ. എം ഉമ്മര്‍, പി കെ ബഷീര്‍ ലീഗ് ജില്ലാ സെക്രട്ടറി ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തില്‍ വണ്ടൂര്‍, ടി ബീയില്‍ വച്ച് ലീഗിന്റെ പ്രാദേശിക നേതൃത്വവുമായി അവസാന ചര്‍ച്ചയും നടത്തി. ഭരണം ആദ്യപാദം ഒരു വര്‍ഷമെങ്കിലും കോണ്‍ഗ്രസിനു നല്‍കണമെന്നായിരുന്നു തീരുമാനം. ഇതംഗീകരിക്കാന്‍ ലീഗും തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ലീഗും കോണ്‍ഗ്രസും സ്വന്തം നിലയില്‍ മല്‍സരിക്കാനിടയാക്കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും യോജിപ്പിലെത്തുന്ന ആവശ്യം പ്രാദേശിക ഘടകങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഭരണത്തിന്റെ ആദ്യപാദം ലഭിക്കണമെന്ന ആവശ്യത്തില്‍ ഇരുകക്ഷികളും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. അതിനിടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യണമെന്ന വിപ്പ് ലീഗ് അംഗങ്ങള്‍ക്കു നല്‍കുകയും ചെയ്തു. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച് ലീഗിലെത്തി സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച വി പി എ നാസറായിരുന്നു ലീഗിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. നാസറിനോടുളള പ്രതികാരമാണ് കോണ്‍ഗ്രസ്സിന്റെ കടുംപിടുത്തത്തിനു കാരണം. നാസറിനെ മാറ്റിയാല്‍ ലീഗിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായതാണ്. മന്ത്രി എ പി അനില്‍കുമാര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. അതിനിടെ വ്യാപാര പ്രമുഖരും കരാറുകാരുടെ ലോബിയും യുഡിഎഫ് ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും പറയപ്പെടുന്നു. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് സിപിഎം ഒറ്റയ്ക്ക് പഞ്ചായത്തില്‍ അധികാരത്തിലെത്തുന്നത്. അടുത്തുതന്നെ വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരം നടന്നാല്‍ വണ്ടൂര്‍ നിയമസഭാ മണ്ഡലം മുസ്‌ലിംലീഗ് പിടിച്ചെടുക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it