Alappuzha local

യുഡിഎഫില്‍ ഭിന്നസ്വരങ്ങള്‍

ആലപ്പുഴ: നഗരസഭയില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ ജനറല്‍ വാര്‍ഡായ നഗരസഭാധ്യക്ഷ സ്ഥാനം ആര്‍ക്ക് ലഭിക്കുമെന്ന് ചൂടേറിയ ചര്‍ച്ച. മുന്നണിയില്‍ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം ഉറപ്പായതോടെ അംഗങ്ങള്‍ക്കിടയില്‍ ചരടുവലികള്‍ ശക്തമായിരിക്കുകയാണ്.
പത്ത് വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ യുഡിഎഫിന് സാധിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ചെയര്‍മാന്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ മുന്നണിയിലെ മുഖ്യകക്ഷിയായ മുസ്‌ലിം ലീഗിന് നാല് അംഗങ്ങളുണ്ട്. സ്ഥാനങ്ങള്‍ സംബന്ധിച്ച് അവകാശവാദങ്ങളുമായി പരസ്യമായി ലീഗ് രംഗത്തുവന്നിട്ടില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനമോ, ഒരു ടേം ചെയര്‍മാന്‍ സ്ഥാനമോ ലീഗ് നേതൃത്വം ആവശ്യപ്പെടും.
അധ്യക്ഷസ്ഥാനത്തേക്ക് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫിന്റെ പേരിനാണ് മുന്‍തൂക്കം. അഞ്ചുതവണ കൗണ്‍സിലറായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മുതിര്‍ന്ന അംഗം ബി മെഹബൂബ് എന്നിവരുടെയും പേരുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന തോമസ് ജോസഫിനാണ് കൂടുതല്‍ സാധ്യത. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ബഹുഭൂരിപക്ഷവും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. അതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗ്രൂപ്പ് പോരിന് സാധ്യതയില്ല. നഗരസഭയിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം വനിതയ്ക്കാണ്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള ഒരംഗത്തെ തന്നെയാവും ഈ സ്ഥാനത്തേക്കും പരിഗണിക്കുക. പാലസ് വാര്‍ഡില്‍ നിന്ന് വിജയിച്ച ഷോളി സി എസിനാണ് സാധ്യത പറയുന്നത്. സ്ഥാനങ്ങള്‍ക്കായി ലീഗ് വാശിപിടിച്ചാല്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ലീഗിന് നല്‍കാനും സാധ്യതയുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമേ പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം നടക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
52 സീറ്റുള്ള ഇവിടെ കേവല ഭൂരിപക്ഷത്തിന് 27 സീറ്റ് വേണമെന്നിരിക്കെ യു.ഡി.എഫിന് ലഭിച്ചത് 26 സീറ്റാണ്. മംഗലം വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ ജോസ് ചെല്ലപ്പനെ കൂടെക്കൂട്ടി കേവല ഭൂരിപക്ഷമുണ്ടാക്കിയാണ് യുഡിഎഫ് അവകാശവാദമുന്നയിക്കുക. വിമതനില്ലാതെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും എല്‍ഡിഎഫും (19) ബിജെപിയും (4) പിഡിപിയും (2) വിമതനും (1) ഒരുമിച്ച് എതിര്‍ക്കുകയും ചെയ്താല്‍ അംഗസംഖ്യ തുല്യനിലയിലാവും. ഇത് ഭരണപ്രതിസന്ധി സൃഷ്ടിക്കും.
Next Story

RELATED STORIES

Share it