wayanad local

യുഡിഎഫില്‍ തര്‍ക്കം രൂക്ഷം

കല്‍പ്പറ്റ: നഗരസഭയിലെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷം. സ്ഥാനത്തിനു വേണ്ടി ജനതാദള്‍ (യു) ശാഠ്യം പിടിക്കുന്നതാണ് തര്‍ക്കത്തിനു നിദാനം. വൈസ് ചെയര്‍മാന്‍ പദവി ദളിനു നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ 15 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്- അഞ്ച്, ജനതാദള്‍ (യു)- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ നഗരസഭാ ഭരണസമിതിയില്‍ അഞ്ചു വര്‍ഷവും ജനതാദള്‍ കൗണ്‍സിലറായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയില്‍.
അതിനാല്‍ത്തന്നെ ഇത്തവണയും ഉപാധ്യക്ഷ സ്ഥാനം കിട്ടണമെന്ന വാശിയിലാണ് ജനതാദള്‍ (യു). എന്നാല്‍, രണ്ട് അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ദളിന് വൈസ് ചെയര്‍മാന്‍ പദവിക്ക് അര്‍ഹതയില്ലെന്നാണ് കോണ്‍ഗ്രസ്- ലീഗ് പക്ഷം. മുന്‍ ചെയര്‍മാന്‍മാരില്‍ കോണ്‍ഗ്രസ്സിലെ പി പി ആലിയും മുസ്‌ലിം ലീഗിലെ എ പി ഹമീദും ഇത്തവണ വിജയിച്ചതും ദളിനുള്ള അവസരം കുറച്ചിരിക്കയാണ്.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് പുറമെ ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ഇക്കുറി വനിതാ സംവരണമാണ്. ഈ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിനാണ് ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. യുഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ക്കും വനിതാ പ്രാതിനിധ്യമില്ല. അതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടത്തറ ഡിവിഷനില്‍ വിജയിച്ച ശകുന്തള ഷണ്‍മുഖനോ ചാരിറ്റി ഡിവിഷനിലെ വിജയി ഉഷ തമ്പിയോ പ്രസിഡന്റാവാനാണ് സാധ്യത. കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പുകാരാണ് ഇരുവരും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ ഈന്തന്‍ ആലി (പടിഞ്ഞാറെത്തറ), കെ കെ ഹനീഫ (പൊഴുതന) എന്നിവരില്‍ ഒരാള്‍ക്കു ലഭിക്കും.
ജില്ലാ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലും ആദ്യ രണ്ടര വര്‍ഷം ആര്‍ക്കെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും ധാരണയിലെത്തിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിനൊപ്പം നഗരസഭയിലും കോണ്‍ഗ്രസ്സിനു ഭരണത്തിന്റെ ആദ്യ പകുതി ലഭിച്ചാല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായിരിക്കും ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍. പടിഞ്ഞാറത്തറ ഡിവിഷനില്‍ വിജയിച്ച കെ ബി നസീമയെയാണ് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവച്ചിരിക്കുന്നത്. നസീമ പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ വിജയിച്ച പി കെ അനില്‍കുമാറിനോ തവിഞ്ഞാല്‍ ഡിവിഷനില്‍ നിന്നുള്ള എ പ്രഭാകരന്‍ മാസ്റ്ററോ വൈസ് പ്രസിഡന്റാവും. പാര്‍ട്ടിയിലെ എ ഗ്രുപ്പുകാരാണ് ഇവര്‍.
ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ ആദ്യപകുതി കോണ്‍ഗ്രസ്സിനാണെങ്കില്‍ എടവക ഡിവിഷനില്‍ വിജയിച്ച ഐ ഗ്രൂപ്പില്‍ നിന്നുള്ള ടി ഉഷാകുമാരി പ്രസിഡന്റാവും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് ടിക്കറ്റല്‍ പനമരം ഡിവിഷനില്‍ വിജയിച്ച പി കെ അസ്മത്തിനോ കണിയാമ്പറ്റ ഡിവിഷനില്‍ നിന്നുള്ള പി ഇസ്മയിലിനോ ലഭിക്കും. പനമരം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അസ്മത്തിനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ അവസാന പകുതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ഉഷാകുമാരി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുല്‍പ്പള്ളി ഡിവിഷനില്‍ നിന്നുള്ള ടി എസ് ദിലീപ്കുമാര്‍, ആനപ്പാറ ഡിവിഷനില്‍ നിന്നുള്ള അഡ്വ. പി ഡി സജി എന്നിവരാണ് കോണ്‍ഗ്രസ്സിന്റെ പരിഗണനയില്‍. പാര്‍ട്ടിയിലെ ഐ ഗ്രൂപ്പുകാരനാണ് ദിലീപ് കുമാര്‍. എ ഗ്രൂപ്പിലാണ് സജി. മുസ്‌ലിം ലീഗിലെ ജയന്തി രാജന്‍ വൈസ് പ്രസിഡന്റായേക്കും. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് അഞ്ചുകുന്ന് ഡിവിഷനില്‍ വിജയിച്ച ജയന്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും മുസ്‌ലിം ലീഗില്‍ നീക്കമുണ്ട്.
എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിലെ സുരേഷ് താളൂര്‍ (ചുള്ളിയോട് ഡിവിഷന്‍) പ്രസിഡന്റും ലത ശശി (കൊളഗപ്പാറ) വൈസ് പ്രസിഡന്റുമാവുമെന്നാണ് സുചന. പട്ടികവര്‍ഗ വനിതയ്ക്ക് സംവരണം ചെയ്തതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇവിടെ തൊണ്ടര്‍നാട് ഡിവിഷനില്‍ വിജയിച്ച പ്രീത രാമനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് മുസ്‌ലിം ലീഗ്. ഈ ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടില്ല. അതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിനായിരിക്കും. വെള്ളമുണ്ട ഡിവിഷനില്‍ വിജയിച്ച കെ ജെ പൈലിക്കാണ് സാധ്യത.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചെയര്‍മാന്‍ ആരാവുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും 17 വീതം സീറ്റുകളിലാണ് വിജയിച്ചത്. ഒരു സീറ്റല്‍ വിജയിച്ച ബിജെപി പിന്തുണയോടെ ഭരണസമിതി രൂപീകരിക്കില്ലെന്നു രണ്ടു മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കെ, ചെയര്‍മാന്‍ സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടന്നേക്കും. നറുക്ക് എല്‍ഡിഎഫിന് അനുകൂലമെങ്കില്‍ സിപിഎമ്മിലെ സി കെ സഹദേവന്‍ ചെയര്‍മാനാവും. കോണ്‍ഗ്രസ്സിലെ എന്‍ എം വിജയന്‍, മുസ്‌ലിം ലീഗിലെ പി പി അയൂബ് എന്നിവര്‍ യുഡിഎഫ് നിരയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനു വട്ടമിടുന്നവരില്‍ പ്രമുഖരാണ്. അധ്യക്ഷ സ്ഥാനം പട്ടികവര്‍ഗത്തിനു സംവരണം ചെയ്ത മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിലെ ശരദ സജീവന്‍, പി ആര്‍ പ്രവീജ് എന്നിവര്‍ക്കാണ് സാധ്യത. സിപിഐയിലെ ശോഭ രാജന്‍ വൈസ് ചെയര്‍പേഴ്‌സനായേക്കും.
Next Story

RELATED STORIES

Share it