യുഡിഎഫില്‍ തര്‍ക്കം കയ്പമംഗലം സ്ഥാനാര്‍ഥി കെ എം നൂറുദ്ദീന്‍ പിന്മാറി

തൃശൂര്‍: കയ്പമംഗലത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം. ആര്‍എസ്പിക്കു നല്‍കിയ സീറ്റില്‍ പൊതുപ്രവര്‍ത്തകന്‍ കെ എം നൂറുദ്ദീനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും മല്‍സരിക്കാനില്ലെന്ന് അദ്ദേഹം ഇന്നലെ പാര്‍ട്ടിയെ അറിയിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
വ്യവസ്ഥാപിത പാര്‍ട്ടികളുമായി സഹകരിക്കുന്നതിലുള്ള ബുദ്ധിമുട്ടു മൂലമാണ് മല്‍സരത്തില്‍നിന്നു പിന്മാറുന്നതെന്ന് നൂറുദ്ദീന്‍ പ്രതികരിച്ചു. ആര്‍എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചാല്‍ താന്‍ പുലര്‍ത്തുന്ന ആദര്‍ശങ്ങളില്‍ നിന്നും കാഴ്ചപാടുകളില്‍ നിന്നും വ്യതിചലിക്കേണ്ടി വരുമോ എന്ന ഭയം മൂലമാണ് മല്‍സരത്തില്‍ നിന്നു പിന്മാറുന്നതെന്ന് നൂറുദ്ദീന്‍ പറഞ്ഞു. മല്‍സരിക്കാന്‍ മാത്രമുള്ള യോഗ്യത തനിക്കില്ല. മാത്രമല്ല മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തകനായാല്‍ താന്‍ ഇപ്പോള്‍ നടത്തിവരുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കമുണ്ടാവുമെന്നും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നൂറുദ്ദീന്‍ പിന്മാറിയതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മാധ്യമങ്ങളോടു പറഞ്ഞു. നൂറുദ്ദീന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കയ്പമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് തനിക്ക് കയ്പമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ മനപ്രയാസമുണ്ടെന്നു പറഞ്ഞാണ് ആര്‍എസ്പി സംസ്ഥാന നേതൃത്വത്തിന് നൂറുദ്ദീന്‍ കത്തു നല്‍കിയത്. നൂറുദ്ദീനെ അനുനയിപ്പിക്കാന്‍ ആര്‍എസ്പി നേതൃത്വം ശ്രമിച്ചെങ്കിലും സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറാനുള്ള തീരുമാനത്തില്‍ നൂറുദ്ദീന്‍ ഉറച്ചുനിന്നു. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് സീറ്റ് വിട്ടു നല്‍കിയത്. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത മണ്ഡലം ഏറ്റെടുക്കുന്നതില്‍ ആര്‍എസ്പി സംസ്ഥാന നേതൃത്വം വിമുഖത പ്രകടിപ്പിച്ചിരുന്നെങ്കിലും സീറ്റ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അതേസമയം, ആര്‍എസ്പിക്ക് നല്‍കിയ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍ കയ്പമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.
Next Story

RELATED STORIES

Share it