Kottayam Local

യുഡിഎഫിന് റിബല്‍ ഭീഷണി; അതിരമ്പുഴയില്‍ പോരാട്ടം കടുക്കും

അതിരമ്പുഴ: യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ ഇത്തവണ നടക്കുന്നത് കടുത്ത മല്‍സരമാണ്. റിബല്‍ സ്ഥാനാര്‍ഥിയും ബിജെപി സ്ഥാനാര്‍ഥിയുടെ കോണ്‍ഗ്രസ് പാരമ്പര്യവുമാണ് യുഡിഎഫിന് തലവേദനയാവുന്നത്.
കേരളാ കോണ്‍ഗ്രസ് (എം) ആര്‍പ്പൂക്കര മണ്ഡലം പ്രസിഡന്റ് കെ പി പോളാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേരളാ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ടീയത്തിലെത്തിയ കെ പി പോള്‍ ബിസിനസ് രംഗത്തും ശ്രദ്ധേയനാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയംഗവുമാണ് കെ പി പോള്‍. കഴിഞ്ഞ തവണ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ച അതിരമ്പുഴ ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത് ബി മഹേഷ് ചന്ദ്രനെയാണ്. എംജി സര്‍വകലാശാല യൂനിയന്‍ മുന്‍ചെയര്‍മാനും എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മഹേഷ് ചന്ദ്രന്‍ നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റയംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. സേവാദള്‍ ഇന്‍സ്ട്രകടറും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ് കുര്യന്‍ പുളിക്കപറമ്പിലാണ് ബിജെപി സ്ഥാനാര്‍ഥി.
യൂനിറ്റി ഓഫ് ഗള്‍ഫ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയാണ് ജോര്‍ജ് കുര്യന്‍. സ്വതന്ത്രനായി മല്‍സരിക്കുന്ന ഗ്രാമപ്പഞ്ചായത്ത് 19ാം വാര്‍ഡ് മെംബര്‍ ജിം അലക്‌സാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്ന ജിം അലക്‌സ് മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ എക യുഡിഎഫ് അംഗവും കൂടിയാണ്.
കഴിഞ്ഞ തവണയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചരുന്നു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ബിജെപി സ്ഥാനാര്‍ഥിയും റിബല്‍ സ്ഥാനാര്‍ഥിയും യുഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ അത് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്, അര്‍പ്പുക്കരയിലെ 15 ാം വാര്‍ഡ്, അയ്മനം പഞ്ചായത്തിലെ എഴ് വാര്‍ഡുകള്‍, നീണ്ടൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡ് എന്നിവ ഉള്‍പ്പെട്ട അതിരമ്പുഴ ഡിവിഷനില്‍ 85,000 വോട്ടര്‍മാരാണുള്ളത്.
Next Story

RELATED STORIES

Share it