Pathanamthitta local

യുഡിഎഫിന് നഷ്ടപ്പെട്ടത് പ്രതീക്ഷയുടെ തുരുത്ത്

പത്തനംതിട്ട: എല്‍ഡിഎഫ് തരംഗം ശക്തമായി ആഞ്ഞടിച്ച ഘട്ടങ്ങളിലൊക്കെ, യുഡിഎഫിന് ഒരു പ്രതീക്ഷയുടെ തുരുത്തായി അവശേഷിച്ച ജില്ലയായിരുന്നു പത്തനംതിട്ട. എന്നാല്‍ കഴിഞ്ഞ മണ്ഡലം പുനര്‍നിര്‍ണയത്തോടെ ചുവപ്പിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞ ജില്ലയുടെ രാഷ്ട്രീയഭൂപടത്തെ കൂടുതല്‍ ചുവപ്പിച്ചു കൊണ്ടാണ് ഇത്തവണ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചത്.
അഞ്ചാം തവണയും വിജയം ഉറപ്പാക്കിയ രാജു ഏബ്രഹാം പുതിയ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. ജനതാദള്‍ എസിന്റെ പ്രതിനിധിയായി മാത്യു ടി തോമസിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത. അതേസമയം, യുഡിഎഫിനേറ്റ പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിലും മുന്നണിയിലും ശക്തമായ പൊട്ടിത്തെറിക്കാവും വേദിയൊരുക്കുക.
2011 ലെ അഞ്ചില്‍ മൂന്ന് സീറ്റ് എന്ന നിലയില്‍ നിന്ന് നാല് സീറ്റെന്ന നിലയിലേക്ക് എല്‍ഡിഎഫ് മുന്നേറുമ്പോള്‍, ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ തികഞ്ഞ അധികാരികതയോടെയാണ് മുന്നണി വിജയം ഉറപ്പിച്ചത്. കന്നിയങ്കത്തില്‍ തന്നെ വീണാ ജോര്‍ജ് മലര്‍ത്തിയടിച്ച ശിവദാസന്‍നായുടെ വീഴ്ച യുഡിഎഫിന് വന്‍ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാഷ്ട്രീയ വിഷയങ്ങളേക്കള്‍ പ്രാദേശിക വികസനം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലത്തില്‍, സിറ്റിങ് എംഎല്‍എയ്‌ക്കെതിരായ വികാരത്തോടൊപ്പം, സാമുദായിക സമവാക്യത്തിന്റെ ആനുകൂലവും വീണയെ തുണച്ചപ്പോള്‍, കോണ്‍ഗ്രസ്സിനുള്ളിലെ അസ്വാരസ്യങ്ങള്‍ ശിവദാസന്‍നായരുടെ പതനത്തിന് ആക്കം കൂട്ടി. ബിജെപി സ്ഥാനാര്‍ഥി എം ടി രമേശ് പിടിച്ച 37906 വോട്ടുകളും ശിവദാസന്‍നായരുടെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. അടൂരില്‍ കഴിഞ്ഞ തവണ 607 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ചിറ്റയം ഇത്തവണ ശക്തമായ മുന്നേറ്റത്തോടെയാണ് വിജയം ഉറപ്പിച്ചത്.
ചിറ്റയത്തിന് നിയമസഭയില്‍ ഇത് തുടര്‍ച്ചയായ രണ്ടാമൂഴമാണ്. ഷാജുവിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അടൂരില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുവെന്നാണ് അന്തിമഫലം തെളിയിക്കുന്നത്.
ജില്ലയിലെ എന്‍ഡിഎയ്ക്കുള്ളില്‍ വരുംദിനങ്ങളില്‍ പൊട്ടിത്തെറിക്കിടയാക്കുന്ന നിലയിലാണ് റാന്നിയിലെ അന്തമിഫലം പുറത്തുവന്നിരിക്കുന്നത്. അട്ടിമറി വിജയം നേടാന്‍ പര്യാപ്തനെന്ന് എന്‍ഡിഎ നേതൃത്വം അവകാശപ്പെട്ട കെ പദ്മകുമാര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ബിഡിജെഎസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. റാന്നിയിലെ വികസന മുരടിപ്പാണ് യുഡിഎഫ് പ്രധാന ചര്‍ച്ചയാക്കിയത്. എന്നിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് രാജു വെന്നിക്കൊടി നാട്ടിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം യുഡിഎഫിന്റെ നീക്കങ്ങള്‍ ഇവിടെ പാളുകയായിരുന്നു.
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരി ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് മാത്യു ടി തോമസ് മൂന്നാമങ്കത്തിലും വിജയം ഉറപ്പാക്കിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് 37439 വോട്ടു നേടി ശക്തമായ പ്രകടനമാണ് ഇവിടെ കാഴ്ചവച്ചത്. കോന്നിയിലെ വിജയം, യുഡിഎഫിന്റേതിനേക്കാള്‍ അടൂര്‍ പ്രകാശിന്റെ സ്വന്തം വിജയമാണ്. അഴമതി ആരോപണങ്ങള്‍ സംസ്ഥാനതലത്തില്‍ യുഡിഎഫിനെതിരായ വികാരമായി ആഞ്ഞടിച്ചപ്പോള്‍, ഏറ്റവും ശക്തമായ ആരോപണങ്ങള്‍ക്ക് വിധേയനായ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനത്തിന്റെ പേരിലാണ് പിടിച്ചുകയറിയത്.
തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന് ശക്തമായ മറുപടി നല്‍കാനും ഈ വിജയത്തിലൂടെ കഴിഞ്ഞിരിക്കുന്നുവെന്നതാണ് അടൂര്‍ പ്രകാശിന്റെ നേട്ടം.
Next Story

RELATED STORIES

Share it