ernakulam local

യുഡിഎഫിന് തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ത്തന്നെ തിരിച്ചടിയാവുന്നു

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും കച്ചേരിത്താഴം പാലം വിജിലന്‍സ് കേസും യുഡിഎഫിന് തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ത്തന്നെ തിരിച്ചടിയാവുന്നു.
പായിപ്ര സൊസൈറ്റിപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടത്തിയെന്നാണ് എല്‍ഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം പെരുമാറ്റചട്ടം ലംഘിച്ച് നടത്തിയ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയതോടെ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും യുഡിഎഫും വെട്ടിലായിരിക്കുകയാണ്.
ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നരകോടിയോളം രൂപ അനുവദിച്ചിട്ടും തുകയുടെ നാലിലൊന്നുപോലും വിനിയോഗിക്കാതെ പണികള്‍ നടത്തിയതാണ് വിജിലന്‍സ് കേസിലെത്തിയത്.
എംഎല്‍എയുടെ നേട്ടമാണ് പാലത്തിന് തുക അനുവദിച്ചതെന്നായിരുന്നു ജോസഫ് വാഴയ്ക്കനും യുഡിഎഫും അവകാശപ്പെട്ടിരുന്നത്. ജോസഫ് വാഴയ്ക്കന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടത്തിയ പ്രധാന വികസന പ്രവര്‍ത്തനങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടിയിരുന്നതും പാലം നവീകരണമായിരുന്നു.
മൂവാറ്റുപുഴ വികസന നായകന്‍ എന്ന പേരില്‍ എംഎല്‍എയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയിരുന്ന പ്രധാന പദ്ധതിതന്നെ വിജിലന്‍സ് കേസിലായി. ഒരുവര്‍ഷം മുമ്പ് പാലം അടച്ചിട്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് മാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുമാസത്തോളം പണി മുടങ്ങി.
ഇതേത്തുടര്‍ന്ന് പാലം നവീകരണത്തിന് ആരംഭിച്ച ഒന്നരകോടിരൂപയ്ക്കു പുറമെ വാട്ടര്‍ അതോറിറ്റിക്ക് ജലവിതരണ കുഴലുകള്‍ മാറ്റാന്‍ 35 ലക്ഷംരൂപകൂടി അനുവദിക്കുകയും ചെയ്തു.
എന്നാല്‍ പണികളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പണികള്‍ അവസാനിപ്പിച്ച് കരാറുകാരനും കൂട്ടരും മടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് വിജിലന്‍സ് കോടതി ഇടപെട്ടത്.
Next Story

RELATED STORIES

Share it