Idukki local

യുഡിഎഫിന്റേത് സത്യം മറച്ചുവയ്ക്കാനുള്ള ശ്രമമെന്ന്

തൊടുപുഴ: തിരഞ്ഞെടുപ്പടുത്തിരിക്കെ കസ്തൂരിരംഗന്‍ റിപോര്‍ടിന്റെയും ഇഎസ്എയുടെയു പേരില്‍ യുഡിഎഫും എംപിയും കൊമ്പുകോര്‍ക്കല്‍ തുടരുന്നു.ഇഎസ്എ വിവാദം അടിസ്ഥാനമില്ലാത്തതാണെന്നാണ് യുഡിഎഫ് നിലപാട്. ജില്ലയിലെ ഇഎസ്എ വില്ലേജകുളുടെ പേരില്‍ ഭീഷണി ഇല്ലെന്നും ഇവര്‍ പറയുന്നു.അങ്ങനെയെങ്കില കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ ഒഴിവാക്കിയതെന്തിനാണെന്നാണ് എം പിയുടെ ചോദ്യം. ഇടുക്കിയില്‍ 48 വില്ലേജുകളിലൊന്നെങ്കിലും ഇ എസ് എ പരിധിയിലല്ലെന്നു രേഖാമൂലം തെളിയിച്ചാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും പ്രപഖ്യാപിച്ച് എം പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തി.ഈ വിഷയത്തില്‍ പരസ്യ സംവാദം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു മറുപടിയുമായി രംഗത്തെത്തിയ യുഡിഎഫ് നേതാക്കള്‍ പതിവു പല്ലവി ആവര്‍ത്തിച്ചു. മാത്രമല്ല രാജി വാദം ബാലിശമാണെന്നും പരിഹസിച്ചു. ഇതിനു മറുപടിയായാണ് ഇന്നലെ ജോയ്‌സ് ജോര്‍ജ് എം പി വാര്‍ത്താ സമ്മേളനം നടത്തിയത്.
വീണ്ടും തെറ്റിദ്ധാരണ പരത്തി മലയോര ജനതയെ കബളിപ്പിക്കാനുള്ള പതിവ് ശൈലി തന്നെയാണ് യു.ഡി.എഫ്. നേതൃത്വം ഇപ്പോഴും കൈക്കൊള്ളുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമമല്ല യു.ഡി.എഫ്. നടത്തുന്നത്. തന്നെ വ്യക്തിപരമായി ആക്രമിച്ച് വിഷയം വഴിതിരിച്ച് വിടാനാണ് നേതാക്കളുടെ ശ്രമം. തുടക്കം മുതല്‍ കസ്തൂരി രംഗന്‍ വിഷയത്തില്‍ വസ്തുതകള്‍ പഠിക്കാതെ സത്യം പറയുന്നവരെ പുലഭ്യം പറയാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിച്ചിട്ടുള്ളത്.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് 10 ന് പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളെ പരിസ്ഥിതിലോല പട്ടികയില്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന ഗവണ്‍മെന്റ് നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് 13,108 ച.കി.മീ ഉള്ള കേരളത്തിലെ ഇ.എസ്.എ പ്രദേശങ്ങള്‍ 9993.7 ച.കി.മീ. ആയി ചുരുക്കിയിരുന്നു. ഇ.എസ്.എയിലുണ്ടായിരുന്ന 123 വില്ലേജുകള്‍ 119 ആയി കുറച്ച് ഇ.എസ്.എയില്‍തന്നെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തോടുകളും പുഴകളും അരുവികളും റോഡും തരിശുഭൂമിയും പുറംമ്പോക്കും ഇ.എസ്.എയില്‍ ഉള്‍പ്പെടുത്തിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 886.7 ച.കി.മീറ്റര്‍ വനമല്ലാത്ത ഭൂപ്രദേശങ്ങള്‍ ഇ.എസ്.എ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്തൂരിരംഗന്‍ ശുപാര്‍ശകളുടെ അടിസ്ഥാനം വില്ലേജുകളാണ്.
2015 ആഗസ്റ്റ് 12 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റിനയച്ച കത്തില്‍ ഇക്കാര്യം വളരെ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്തത്. 2015 സെപ്റ്റംബര്‍ 3 ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കത്ത് ഈ ഉദാസീനതയ്ക്ക് തെളിവാണ്. തോടുകളും പുഴകളും ചതുപ്പും തരിശും ഒരു കാരണവശാലും ഇ.എസ്.എ. പരിധിയില്‍ നിന്ന് ഒഴിവാക്കരുതെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കിയാണ് കേരളം കത്ത് നല്‍കിയത്. പുഴകളും തരിശുഭൂമിയും തോടും ഇ.എസ്.എ. ആയി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക വഴി 119 വില്ലേജുകളും പൂര്‍ണ്ണമായും ഇ.എസ്.എ. ആയി തുടരും. എന്നാല്‍ 2015 ജൂലൈ 28 ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തില്‍ കോട്ടയം ജില്ലയിലെ 4 വില്ലേജുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ഇടുക്കിയിലെ ബഹുഭൂരിപക്ഷം വില്ലേജുകളും ഒഴിവാക്കാമായിരുന്നു. ഗോവ സര്‍ക്കാര്‍ 99 ഇ.എസ്.എ വില്ലേജുകളില്‍ 19 വില്ലേജുകള്‍ മാത്രം നിലനിര്‍ത്തി 80 എണ്ണം ഒഴിവാക്കിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ നല്‍കിയ മറുപടിയില്‍ കേരളത്തിലെ 119 വില്ലേജുകളും ഇ.എസ്.എ യില്‍ തന്നെയാണെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2015 നവംബര്‍ 2 ന് സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമായതുമായ ഭൂപടത്തില്‍ 187 അതിര്‍ത്തി അടയാളങ്ങള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ യോജിപ്പിക്കുമ്പോള്‍ കൃഷിഭൂമിയും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളുമുള്‍പ്പെടെ 119 വില്ലേജുകളും ഇ.എസ്.എ.യിലാണ്.വസ്തുതകള്‍ ഇതായിരിക്കെ കണ്ണടച്ച് ഇരുട്ടാക്കി പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് യു.ഡി.എഫ്. അവസാനിപ്പിക്കണം. എം പിപറഞ്ഞു.
Next Story

RELATED STORIES

Share it