യുഡിഎഫിന്റെ മദ്യനയം ആളെ പറ്റിക്കലെന്ന് വിഎസ്

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ അനുവദിച്ചതിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധനമെന്ന ആളെ പറ്റിക്കല്‍ നയത്തിന്റെ പൂച്ചു പുറത്തായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നിലവിലുള്ള ആറ് ബാറുകളുടെ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാര്‍ ലൈസന്‍സ് നല്‍കിയതിലൂടെ സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധനമെന്ന പറ്റിക്കല്‍ നയം പൊള്ളയാണെന്നു തെളിഞ്ഞു. പൂട്ടിയ ബാറുകളെല്ലാം ഫൈവ് സ്റ്റാറാക്കി ഉയര്‍ത്തിയാല്‍ അതിനെല്ലാം ലൈസന്‍സ് നല്‍കാമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
എന്താണ് എല്‍ഡിഎഫിന്റെ മദ്യനയമെന്ന് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനും ചാരായം നിര്‍ത്തലാക്കി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട എ കെ ആന്റണിക്കും ഇക്കാര്യത്തില്‍ എന്താണു പറയാനുള്ളതെന്നും വിഎസ് ചോദിച്ചു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ആണയിട്ടുകൊണ്ടുനടന്ന ഉമ്മന്‍ചാണ്ടിയാണ് ബാര്‍ മുതലാളിമാരുടെ കൈയില്‍നിന്നു കോഴവാങ്ങി ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇത് കേരളജനതയെ ഒന്നാകെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് അറിയില്ല: സുധീരന്‍
കൊല്ലം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുവാദം നല്‍കിയ കാര്യം അറിയില്ലെന്നും മദ്യനയത്തില്‍ വെള്ളംചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബാറുകള്‍ക്ക് അനുമതി നല്‍കിയെങ്കില്‍ അക്കാര്യം പരിശോധിക്കും. കൂടുതല്‍ പ്രതികരണം പിന്നീടു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it