Districts

യുഡിഎഫിന്റെ കെട്ടുറപ്പ്  തകരുമെന്ന് ആര്‍എസ്പി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ വിവേചനമുണ്ടായെന്നും ഇങ്ങനെ തുടര്‍ന്നാല്‍ യുഡിഎഫിന്റെ കെട്ടുറപ്പ് തകരുമെന്നും ആര്‍എസ്പി. നിയമനകാര്യത്തില്‍ പാര്‍ട്ടിക്കുള്ള കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും നിശ്ചയിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി അറിഞ്ഞത്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയോ ആര്‍എസ്പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയോ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമായിരുന്നുവെന്ന് യോഗത്തിനു ശേഷം എ എ അസീസ് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പുനസ്സംഘടിപ്പിക്കുമ്പോള്‍ മുമ്പത്തേപ്പോലെ ആര്‍എസ്പിക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും മറ്റും രേഖാമൂലം കത്ത് നല്‍കിയതുമാണ്. എന്നാല്‍, യാതൊരു കൂടിയാലോചനകളും കൂടാതെ ഏകപക്ഷീയമായാണ് രണ്ടു പേരെ കഴിഞ്ഞദിവസം നിയമിച്ചത്. ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചാല്‍ യുഡിഎഫിന്റെ സുഗമമായ മുന്നോട്ടുപോക്കിന് ഹാനികരമാവുമെന്നും എ എ അസീസ് പറഞ്ഞു.
റിക്രൂട്ടിങ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയതു കൊണ്ടാണ് ഇക്കാര്യം ചര്‍ച്ചചെയ്യാതെ പോയതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം അസ്വീകാര്യമാണ്. നേരത്തേയും ഈ പ്രാതിനിധ്യം അനുവദിക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയെ കണ്ട് കടുത്ത പ്രതിഷേധം അറിയിച്ചതോടെയാണ് റിക്രൂട്ടിങ് ബോര്‍ഡ് പ്രാതിനിധ്യം പാര്‍ട്ടിക്ക് ലഭിച്ചത്.
യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ വ്യാപക പരാജയമാണുണ്ടായത്. അക്കൂട്ടത്തില്‍ ആര്‍എസ്പിയുടെ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിലയിരുത്തിയപ്പോള്‍ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് ചോര്‍ന്നുപോയതായി പാര്‍ട്ടി വിലയിരുത്തി. മാട്ടിറച്ചി വിവാദത്തില്‍ വേണ്ടത്ര രീതിയില്‍ പ്രതികരിക്കാന്‍ യുഡിഎഫിനു കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിന്റെ വിഭാഗീയതയും തോല്‍വിക്കു കാരണമായി.
മുന്തിരി കണ്ടു കുറുക്കന്‍ ചാടുന്നത് പോലെ ചാടുന്ന പാര്‍ട്ടിയല്ല ആര്‍എസ്പി. അതൃപ്തിയുണ്ടെങ്കിലും മുന്നണി വിടില്ല. പാര്‍ട്ടിക്കെതിരേ വഞ്ചനാപരമായ നിലപാട് എടുത്തതിനാലാണ് ഇടതുമുന്നണി വിട്ടത്. രാഷ്ട്രീയ സദാചാരവിരുദ്ധമായതിനാല്‍ ഇടതുമുന്നണിയിലേക്കു തിരികെ പോവില്ല. എങ്കിലും ആര്‍എസ്പി എന്നും ഇടതുപക്ഷ പാര്‍ട്ടിയാണെന്നും അസീസ് പറഞ്ഞു.
Next Story

RELATED STORIES

Share it