Pathanamthitta local

യുഡിഎഫിനെ പരാജയപ്പെടുത്താന്‍ വെളിപ്പെടുത്തലും കുപ്രചാരണവും ഇനിയും ഉണ്ടാവും: വി എം സുധീരന്‍

പത്തനംതിട്ട: വ്യാജ വെളിപ്പെടുത്തലുകളുടെ കാലമാണിതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജനരക്ഷായാത്ര അവലോകന യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇത്തരം വെളിപ്പെടുത്തലുകളും കുപ്രചാരണങ്ങളും ഇനി ദൈനംദിനം ഉണ്ടാവും. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം ആണെന്നത് എല്ലാവര്‍ക്കും അറിയാം. ഇത്തരം പ്രചാരണങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം.
ജനരക്ഷായാത്ര ജില്ലയില്‍ വന്‍ വിജയമായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ എല്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ താല്‍പര്യം കാട്ടാത്ത ഭാരവാഹികള്‍ എത്ര ഉന്നതരായാലും അവര്‍ക്ക് ഭാരവാഹിത്വം നഷ്ടപ്പെടും.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി,ഡിസിസി വൈസ് പ്രസിഡന്റുമാരായ എ ശംസുദ്ദീന്‍, അഡ്വ. എ സുരേഷ് കുമാര്‍, അനില്‍ തോമസ്, കെ കെ റോയിസണ്‍, ആര്‍ ഇന്ദുചൂഢന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍, ടി കെ സാജു സംസാരിച്ചു.
Next Story

RELATED STORIES

Share it