thrissur local

യുഡിഎഫിനെ തകര്‍ത്തത് മുസ്‌ലിം ലീഗിന്റെ പിടിവാശി

കേച്ചേരി: ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിനെ നിലംപരിശാക്കിയത് പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗിലെ ഒരുവിഭാഗം നേതാക്കളുടെ പിടിവാശി. മുസ്‌ലിംലീഗ് ചൂണ്ടല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി എ സാദിഖിന്റെ അവിശുദ്ധ കൂട്ടുകെട്ടുകളും സ്ഥാനമോഹവുമാണ് സിറ്റിങ് സീറ്റായ പട്ടിക്കരയിലും തൂവ്വാനൂരും യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയതെന്ന ആരോപണവുമായി ലീഗിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ചൂണ്ടല്‍ പഞ്ചായത്തില്‍ പട്ടിക്കരയില്‍ മാത്രം മല്‍സരിക്കാറുള്ള മുസ്‌ലിംലീഗ് ഇത്തവണ നാല് സീറ്റ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മുസ്‌ലിംലീഗ് മല്‍സരിക്കാറുള്ള പട്ടിക്കര വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായതോടെ സീറ്റ് വെച്ച് മാറി തൂവ്വാനൂര്‍ സീറ്റും ബ്ലോക്ക് സീറ്റും ലീഗ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ തൂവ്വാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിഷ പ്രദീപ് പ്രചരണം തുടങ്ങിയിരുന്നു. ഇക്കാര്യം പരിഗണിക്കാതെ തൂവ്വാനൂര്‍ വാര്‍ഡ് ലഭിക്കണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുകയായിരുന്നു. കൂടാതെ കോണ്‍ഗ്രസ് വിജയിക്കാറുള്ള ബ്ലോക്ക് സീറ്റും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. സീറ്റ് ആവശ്യത്തില്‍ ലീഗ് ഉറച്ച് നിന്നതോടെ കോണ്‍ഗ്രസ് തൂവ്വാനൂര്‍ സീറ്റും ബ്ലോക്ക് സീറ്റും വിട്ടുകൊടുക്കുകയായിരുന്നു.
എന്നാല്‍ തൂവ്വാനൂര്‍ വാര്‍ഡില്‍ ജിഷ പ്രദീപ് യുഡിഎഫ് വിമതനായി മല്‍സര രംഗത്ത് ഉറച്ച് നിന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ 84 വോട്ടുകളുമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി റഹ്മത്ത് പീര്‍മുഹമ്മദ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫ് വിമത സ്ഥാനാര്‍ഥി ജിഷ പ്രദീപ് 282 വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തി. 513 വോട്ട് നേടി എല്‍ഡിഎഫിലെ ഷീജ അശോകന്‍ വിജയിച്ചു.
മുസ്‌ലിംലീഗ് കോണ്‍ഗ്രസ്സില്‍ നിന്നും സമ്മര്‍ദം ചെലുത്തിവാങ്ങിയ ബ്ലോക്ക് സീറ്റും ലീഗ് ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സാദിഖിന്റെ സ്ഥാനമോഹം മൂലമാണ് നഷ്ടപ്പെട്ടതെന്ന് ബ്ലോക്ക് സ്ഥാനാര്‍ഥിയടക്കം മുസ്‌ലിംലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു.
ബ്ലോക്കില്‍ സിറാജുദ്ദീന്‍ മാസ്റ്ററെ മല്‍സരിപ്പിക്കാനായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് സീറ്റ് ലീഗിന് ലഭിച്ചതോടെ മല്‍സരിക്കണമെന്ന ആവശ്യവുമായി സാദിഖ് രംഗത്തെത്തുകയായിരുന്നു. മാത്രമല്ല സിറാജുദ്ദീന്‍ മാസ്റ്റര്‍ക്ക് വോട്ട് നഷ്ടപ്പെടുത്തും വിധം വാര്‍ഡിലടക്കം പരസ്യമായി പ്രകോപനം സൃഷ്ടിക്കാനും ഈ നേതാവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഗിരിജ സുരേഷ് 1300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റിലാണ് ലീഗ് സ്ഥാനാര്‍ഥി എ എ സിറാജുദ്ദീന്‍ മാസ്റ്റര്‍ 378 വോട്ടിന് പരാജയപ്പെട്ടത്.
ബ്ലോക്ക് കേച്ചേരി ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ ഇക്ബാല്‍ 4933 വോട്ട് നേടിയപ്പോള്‍ സിറാജുദ്ദീന്‍ 4555 വോട്ട് നേടി. ഏതായായും മുസ്‌ലിംലീഗിന്റെ പിടിവാശി യും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോ രും മൂലം കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച യുഡിഎഫിനെ രണ്ട് സീറ്റില്‍ ഒതുക്കി. 18 ല്‍ 16 സീറ്റും നേടി എല്‍ഡിഎഫ് പഞ്ചായത്തില്‍ ഏകപക്ഷീയമായ ആധിപത്യമാണ് നേടിയത്.
Next Story

RELATED STORIES

Share it