kannur local

യുഡിഎഫിനെതിരേ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രക്ഷോഭ സമിതി

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും അതിനായി 100 കോടി നീക്കി വയ്ക്കുകയും ചെയ്തിട്ടും നടപടികള്‍ അനന്തമായി നീളുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് പ്രക്ഷോഭ സമിതി ഭാരവാഹികള്‍ ആരോപിച്ചു. ബജറ്റ് പ്രഖ്യാപനത്തോടെയാണ് പ്രക്ഷോഭ സമിതി കലക്ടറേറ്റിന് മുന്നില്‍ 245 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹവും നിരാഹര സമരവും പിന്‍വലിച്ചത്.
എന്നാല്‍, ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് വലിയ താല്‍പര്യമില്ലെന്നാണ്. കണ്ണൂരില്‍ നിന്നുള്ള മന്ത്രി കെ സി ജോസഫാണ് ഇതിന് പിന്നിലെന്നും പ്രക്ഷോഭ സമിതി ആരോപിച്ചു. മെഡിക്കല്‍ കോളജ് ഏറ്റെടുത്തില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന കാര്യം പ്രക്ഷോഭ സമിതി ആലോചിക്കും. തിരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരേ പ്രചാരണം നടത്തുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. മൂന്നു മണ്ഡലങ്ങളില്‍ മല്‍സരിക്കാനും മറ്റിടങ്ങളില്‍ യുഡിഎഫിനെതിരേ പ്രചാരണം നടത്താനുമാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്.
മെഡിക്കല്‍ കോളജ് എപ്പോള്‍ ഏറ്റെടുക്കുമെന്ന് പറയാന്‍ പറ്റില്ലെന്നും അതിന് കുറേ സമയം വേണമെന്നുമൊക്കെയാണ് മന്ത്രി പറയുന്നത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പ്രക്ഷോഭ സമിതി ആരോപിച്ചു. കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് പ്രക്ഷോഭ സമിതി സത്യഗ്രഹസമരം മാറ്റി നിരാഹര സമരം ആരംഭിച്ചത്.
സമരത്തിന് നിരവധി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്നും ഇതിനായി 100 കോടി നീക്കിവച്ചെന്നും പ്രഖ്യാപനമുണ്ടായത്. എന്നാല്‍, തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഇതിന് പിന്നില്‍ അണിയറനീക്കങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതിന് പിന്നില്‍ മംഗലാപുരത്തെ മെഡിക്കല്‍ കോളജ് ലോബികളുണ്ടോയെന്ന് സംശയിക്കുന്നതായും പ്രക്ഷോഭ സമിതി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, പി ബാലന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it