യുജിസി സ്‌കോളര്‍ഷിപ്പ്: വിവാദ പരാമര്‍ശവുമായി ബനാറസ് സര്‍വകലാശാലാ വിസി

ന്യൂഡല്‍ഹി: യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍(യുജിസി) ന ല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഉപയോഗിച്ചു ഗവേഷണ വിദ്യാര്‍ഥികള്‍ ബൈക്ക് വാങ്ങിക്കുകയാണെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഗിരീഷ്ചന്ദ്ര ത്രിപാഠി. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, മൗലാനാ ആസാദ് ഫെലോഷിപ്പ് തുടങ്ങിയ ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരല്ലാത്ത കേന്ദ്ര സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് യുജിസി നല്‍കിവരുന്ന നോണ്‍-നെറ്റ് ഫെലോഷിപ്പ് നിര്‍ത്തലാക്കാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം തുടരവേയാണ് കേന്ദ്ര സര്‍വകലാശാലയായ ബനാറസ് ഹിന്ദു സര്‍വകലാശാലാ വിസി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ത്രിപാഠി വിവാദ പരാമര്‍ശം നടത്തിയത്. ഗവേഷണ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനത്തിനും റിസര്‍ച്ച് നടത്താന്‍ താല്‍പര്യമില്ലെന്നും അധ്യാപകര്‍ നിര്‍ബന്ധിക്കുന്നതു കൊണ്ടാണ് അവര്‍ ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് രാജ്യത്ത് കൂടുതല്‍ കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങുന്നതിനുപകരം കൂടുതല്‍ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുകയാണ് വേണ്ടതെന്നും വിസി കൂട്ടിച്ചേര്‍ത്തു.
ത്രിപാഠിയുടെ പരാമര്‍ശത്തിനെതിരേ ഗവേഷണ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജ്ഞാനോല്‍പാദനം നടത്തുന്ന ഗവേഷകരുടെ ശമ്പളമാണ് ഫെലോഷിപ്പെന്നും അത് എങ്ങനെ ചെലവഴിക്കണമെന്നു തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികള്‍ തന്നെയാണെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. വിസിമാര്‍ തങ്ങളുടെ ശമ്പളം കൊണ്ട് വിദേശയാത്രകള്‍ നടത്താറുണ്ടെന്നും അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അവരുടെ ശമ്പളം റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ പരിഹസിച്ചു.
Next Story

RELATED STORIES

Share it